---
title: "പൊതു  ഫണ്ട്  ജനനന്മയ്ക്കെന്നതിൽ പ്രതിപക്ഷം ഒറ്റക്കെട്ട് ;  സി പി എം പഠന കോൺഗ്രസിലെ   സെമിനാറിന്  ഫണ്ട് നൽകാനുള്ള അജണ്ട വോട്ടിനിട്ടു തള്ളി  എൽ ഡി എഫ് ഭരിക്കുന്ന  കുന്നോത്ത്‌ പറമ്പ പഞ്ചായത്ത്"
english_title: "Opposition united in saying that public funds are for the good of the people; The agenda to provide funds for the seminar at the CPM study congress was voted down by the LDF-ruled Kunnoth Paramba Panchayat."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/272466/opposition-united-in-saying-that-public-funds-are-for-the-good-of-the-people-the-agenda-to-provide-funds-for-the-seminar-at-the-cpm-study-congress-was-voted-down-by-the-ldf-ruled-kunnoth-paramba-panchayat"
published_at: "2025-02-24T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67bc91d792909_165ccc58-25db-4bea-88a2-e05bc6b7d171.jpg"
keywords: []
---

# പൊതു  ഫണ്ട്  ജനനന്മയ്ക്കെന്നതിൽ പ്രതിപക്ഷം ഒറ്റക്കെട്ട് ;  സി പി എം പഠന കോൺഗ്രസിലെ   സെമിനാറിന്  ഫണ്ട് നൽകാനുള്ള അജണ്ട വോട്ടിനിട്ടു തള്ളി  എൽ ഡി എഫ് ഭരിക്കുന്ന  കുന്നോത്ത്‌ പറമ്പ പഞ്ചായത്ത്

> **Lead Summary:** ***കുന്നോത്ത്‌ പറമ്പ: ***കണ്ണൂർ നായനാർ അക്കാദമിയിൽ സിപിഎം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിന് പഞ്ചായത്ത് ഫണ്ട് നൽകാനുള്ള അജണ്ട വോട്ടിന് ഇട്ട് തള്ളി കുന്നോത്ത്‌ പറമ്പ പഞ്ചായത്ത്.

## Article Content

***കുന്നോത്ത്‌ പറമ്പ: ***കണ്ണൂർ നായനാർ അക്കാദമിയിൽ സിപിഎം സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പഠന കോൺഗ്രസിൻ്റെ ഭാഗമായുള്ള സെമിനാറിന് പഞ്ചായത്ത് ഫണ്ട് നൽകാനുള്ള അജണ്ട വോട്ടിന് ഇട്ട് തള്ളി കുന്നോത്ത്‌ പറമ്പ പഞ്ചായത്ത്.

എ കെ ജി പഠന ഗവേഷണ കേന്ദ്രം, പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കണ്ണൂരിൽ വെച്ച് നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പഠന കോൺഗ്രസിന്റെ ആവശ്യത്തിനായി കണ്ണൂർ ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് 50,000 ൽ കവിയാത്ത തുക അനുവദിക്കാം എന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു.

ഈ ഉത്തരവ് ഇന്നലത്തെ പഞ്ചായത്ത് ഭരണ സമിതിയിൽ രണ്ടാമത്തെ അജണ്ടയായി ഉൾപെടുത്തിയിരുന്നു.

അജണ്ട ചർച്ചക്ക് എടുത്ത് മുഴുവൻ അംഗങ്ങൾക്കും സംസാരിക്കാൻ പ്രസിഡന്റ്‌ അവസരം നൽകി. ആദ്യം സംസാരിച്ച യുഡിഎഫ് അംഗങ്ങൾ എല്ലാവരും പൊതു ഫണ്ട് പാർട്ടി പരിപാടിക്ക് ചിലവഴിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് എടുത്തു. എന്നാൽ എൽ ഡി എഫ് അംഗങ്ങളാവട്ടെ, കേരളത്തിന്റെ പുരോഗതിക്ക് ഇത്തരം സെമിനാറുകൾ ആവശ്യമാണ് എന്ന നിലപാടാണ് സ്വീകരിച്ചത്.

ഒടുവിൽ സംസാരിച്ച ബി ജെ പി അംഗങ്ങളും പൊതു ഫണ്ട് ദുർവിനിയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും, അത് പൊതുനന്മയ്ക്കായി ഉപയോഗിക്കണമെന്നും നിലപാട് സ്വീകരിച്ചു.

ഇതോടെ അജണ്ട വോട്ടിനിടുകയാണെന്ന് പ്രസിഡന്റ്‌ യോഗത്തെ അറിയിച്ചു. അജണ്ടയെ അനുകൂലിച്ച് 10 അംഗങ്ങളും, എതിർത്ത് 11 അംഗങ്ങളും വോട്ട് ചെയ്തു.

ഇതോടെ എൽഡിഎഫ് ഭരിക്കുന്ന കുന്നോത്ത്‌പറമ്പ പഞ്ചായത്തിൽ സ്വന്തം അജണ്ട വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത സ്ഥിതി വിശേഷവുമുണ്ടായി.

ഈ ഭരണ സമിതി കാലയളവിൽ ആദ്യമായാണ് ഒരു അജണ്ട വോട്ടെടുപ്പിലേക്ക് നീങ്ങിയത്.പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് ഒഴിച്ചാൽ ആദ്യമായാണ് ഈ ഭരണ സമിതിയിൽ ഒരു അജണ്ട വോട്ടിനിടുന്നത്. എൽഡിഎഫിന് 10ഉം, യുഡിഎഫിന് 8ഉം, ബിജെപിക്ക് 3 ഉം അംഗബലമാണുള്ളത്.

ഭരണ സമിതി യോഗത്തിൽ പ്രസിഡന്റ്‌ കെ ലത അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ എൻ അനിൽകുമാർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ പി കെ മുഹമ്മദലി, പി മഹിജ, എൻ പി അനിത, മെമ്പർമാരായ ഫൈസൽ കൂലോത്ത്, എ കെ അരവിന്ദാക്ഷൻ, ഖദീജ തെക്കയിൽ, പി വി അഷ്‌കർ അലി, കെ കെ സനൂബ്, കെ പി സഫരിയ, കെ സി ജിയേഷ്, എൻ പി ജനകരാജ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/272466/opposition-united-in-saying-that-public-funds-are-for-the-good-of-the-people-the-agenda-to-provide-funds-for-the-seminar-at-the-cpm-study-congress-was-voted-down-by-the-ldf-ruled-kunnoth-paramba-panchayat)