---
title: "വീട്ടമ്മയെ കെട്ടിയിട്ടു കവർച്ച, കൃത്യം നടത്തിയത് സഹായിയായ യുവതിയുടെ സുഹൃത്തുക്കൾ, വൻ ആസൂത്രണം"
english_title: "Housewife tied up and robbed, the crime was committed by the young woman's helper's friends, a grand plan"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/271533/housewife-tied-up-and-robbed-the-crime-was-committed-by-the-young-womans-helpers-friends-a-grand-plan"
published_at: "2025-02-20T10:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b6bd2e44275_download_(1).jpg"
keywords: []
---

# വീട്ടമ്മയെ കെട്ടിയിട്ടു കവർച്ച, കൃത്യം നടത്തിയത് സഹായിയായ യുവതിയുടെ സുഹൃത്തുക്കൾ, വൻ ആസൂത്രണം

> **Lead Summary:** മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ടു കവർച്ചനടത്തിയ സംഭവത്തിൽ ആസൂത്രണം നടത്തിയത് വീട്ടിൽത്താമസിച്ച യുവതിതന്നെയെന്നു സൂചന.

## Article Content

മാമ്പുഴക്കരിയിൽ വീട്ടമ്മയെ കെട്ടിയിട്ടു കവർച്ചനടത്തിയ സംഭവത്തിൽ ആസൂത്രണം നടത്തിയത് വീട്ടിൽത്താമസിച്ച യുവതിതന്നെയെന്നു സൂചന.

നാലുമാസംമുൻപ്‌ ക്ഷേത്രത്തിൽവെച്ച് പരിചയപ്പെട്ട യുവതി കൃഷ്ണമ്മ ഒറ്റയ്ക്കാണു താമസിക്കുന്നതെന്നു മനസ്സിലാക്കി ഇവരോട് സൗഹൃദം സ്ഥാപിക്കുകയായിരുന്നു.

ഇടയ്ക്ക് ഫോണിൽ ബന്ധപ്പെട്ട് സ്നേഹാന്വേഷണം നടത്തി വിശ്വാസം പിടിച്ചുപറ്റി. കൃഷ്ണമ്മയുടെ ആവശ്യകതയും രോഗാവസ്ഥയും മനസ്സിലാക്കി അനുഭാവപൂർവം സംസാരിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് സഹായത്തിനായി മാമ്പുഴക്കരിയിലെ വീട്ടിൽ കൃഷ്ണമ്മയോടൊപ്പം താമസമാക്കിയത്. വീട്ടുസാധനങ്ങളും പച്ചക്കറിയുമൊക്കെ വാങ്ങാനും മറ്റാവശ്യത്തിനും കൃഷ്ണമ്മയോടൊപ്പം ഇവരും പുറത്തുപോകാറുണ്ടായിരുന്നു. ചൊവ്വാഴ്ച പകലും ഇവർ ഒന്നിച്ച് പുറത്തുപോയിരുന്നു. രാത്രി ഭക്ഷണം കഴിച്ച് രണ്ടുമുറികളിലായാണ് ഇവർ കിടന്നത്.

പുലർച്ചെ രണ്ടുമണിയോടെ വീട്ടിലെത്തിയ മൂവർ സംഘമാണ് കൃഷ്ണമ്മയെ ആക്രമിച്ചത്. പിൻവാതിലിലൂടെയാണ് ഇവർ അകത്തുകയറിയതെന്നാണ് പോലീസ് പറയുന്നത്. വാതിൽ അകത്തുനിന്നു തുറന്നുകൊടുക്കുകയായിരുന്നു. പുറത്ത്, പൊളിക്കാനായി ബലംപ്രയോഗിച്ചതിന്റെ ലക്ഷണങ്ങളൊന്നുമില്ല.

വീട്ടിലേക്കുള്ള വഴി ഇടുങ്ങിയതാണ്. കഷ്ടിച്ച് ബൈക്ക് മാത്രം കടന്നുവരുന്ന വഴിയിൽ വീടിനു തൊട്ടുമുൻപായി ഒരു നാട്ടുതോടുണ്ട്. ഇവിടെ ചെറിയ ഇരുമ്പുപാലം വീട്ടിലേക്കു കയറാനായിട്ടിട്ടുണ്ട്.

ചുറ്റുപാടും വീടുകളുള്ള ഇവിടെ മതിൽപോലുമില്ല. ഒരാഴ്ച വീട്ടിൽ താമസിച്ച യുവതി കൃത്യമായ നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കവർച്ചാസംഘം എത്തിയതെന്നു പോലീസ് കരുതുന്നതും അതുകൊണ്ടുതന്നെ.

യുവതിയുടെ സുഹൃത്തുക്കളാണ് കവർച്ചയ്ക്കയായെത്തിയത് എന്നു പോലീസിനു സൂചനലഭിച്ചിട്ടുണ്ട്. പിടിയിലായ രാജേഷിനെ ചോദ്യംചെയ്തതിലൂടെയാണ് പോലീസ് ഇതു സ്ഥിരീകരിച്ചത്.

സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവരുടെയും വിവരങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്. വിവരങ്ങൾ പുറത്തുവിടാത്തത് പ്രതികൾക്കു രക്ഷപ്പെടാൻ സഹായമാകും എന്നതിനാലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/271533/housewife-tied-up-and-robbed-the-crime-was-committed-by-the-young-womans-helpers-friends-a-grand-plan)