---
title: "കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതെങ്കിലും ജാഗ്രത വേണമെന്ന്  വനം വകുപ്പ് ;  എംഎൽഎക്കും, നഗരസഭാ  ചെയർമാനുമുൾപ്പടെ ജനപ്രതിനിധികൾക്ക്  കൈയ്യടി"
english_title: "Forest department urges caution even though footprints are of a wild cat; People's representatives, including MLA and Municipal Chairman, applauded"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270715/forest-department-urges-caution-even-though-footprints-are-of-a-wild-cat-peoples-representatives-including-mla-and-municipal-chairman-applauded"
published_at: "2025-02-17T08:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b2a3c1b5fd3_Untitled-1_copy.jpg"
keywords: []
---

# കാൽപ്പാടുകൾ കാട്ടുപൂച്ചയുടേതെങ്കിലും ജാഗ്രത വേണമെന്ന്  വനം വകുപ്പ് ;  എംഎൽഎക്കും, നഗരസഭാ  ചെയർമാനുമുൾപ്പടെ ജനപ്രതിനിധികൾക്ക്  കൈയ്യടി

> **Lead Summary:** പാനൂർ : പാനൂരിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തിന് താൽക്കാലിക വിരാമമായെങ്കിലും ജാഗ്രത തുടരണമെന്ന് വനം വകുപ്പ്. പുലിയെ കണ്ടെന്ന് പറയപ്പെടുന്ന വീട്ടുമുറ്റത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് വ്യക്തമാക്കിയതോടെയാണ് പാനൂരിന്റെയാകെ ആശങ്കയൊഴിഞ്ഞത്.

## Article Content

പാനൂർ : പാനൂരിൽ പുലിയെ കണ്ടെന്ന അഭ്യൂഹത്തിന് താൽക്കാലിക വിരാമമായെങ്കിലും ജാഗ്രത തുടരണമെന്ന് വനം വകുപ്പ്. പുലിയെ കണ്ടെന്ന് പറയപ്പെടുന്ന വീട്ടുമുറ്റത്ത് കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതല്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ച് വ്യക്തമാക്കിയതോടെയാണ് പാനൂരിന്റെയാകെ ആശങ്കയൊഴിഞ്ഞത്.

പാനൂരിനടുത്ത് എലാങ്കോട് പുലിയെ കണ്ടെന്ന വിവരം കാട്ടുതീ പോലെയാണ് പടർന്നത്. നേരത്തെ അണിയാരത്ത് കിണറ്റിൽ പുലി വീണതായിരുന്നു ജനങ്ങളുടെ മനസിൽ.

ഭയന്ന നാട്ടുകാർ ആദ്യം പാനൂർ പൊലീസിന്റെ സഹായം തേടി. ഇതിനിടെ വിവരമറിഞ്ഞ് പാനൂർ നഗരസഭാധ്യക്ഷൻ കെ.പി ഹാഷിം പുലിയെ കണ്ടെന്ന് പറഞ്ഞ കുട്ടിയുടെ വീട്ടിലേക്കെത്തി.

പിന്നീട് കെ.പി മോഹനൻ എം എൽ എയും എത്തി. കണ്ടത് പുലിയെതന്നെയാണെന്ന് കുട്ടി പറഞ്ഞതോടെ എം എൽ എ വനം വകുപ്പുമായി ബന്ധപ്പെട്ടു. ഫോറസ്റ്റ് വാച്ചർ ബിജിലേഷ് കോടിയേരി ഉടൻ സ്ഥലത്തെത്തി. കാൽപ്പാട് കണ്ട് കാട്ടുപൂച്ചയാണെന്ന് വ്യക്തമാക്കി. അൽപ്പ സമയത്തിനകം തന്നെ കണ്ണവത്തു നിന്നും ഫോറസ്റ്റ് ബീറ്റ് ഓഫീസർ ജോബിനും സംഘവും എത്തി. ഇവരും കാൽപ്പാദം കാട്ടുപൂച്ചയുടേതാണെന്ന് വ്യക്തമാക്കിയതോടെയാണ് ആശങ്കയൊഴിഞ്ഞത്. എന്നാൽ ജാഗ്രത തുടരണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്.

കൂറ്റൻ കാട്ടുപൂച്ചയുടെ സാന്നിധ്യം മേഖലയിലുണ്ട്. ഇതിന്റെ സി.സി ടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ആശങ്കയൊഴിഞ്ഞ സന്തോഷത്തോടെയാണ് നാട്ടുകാർ പിരിഞ്ഞ് പോയത്. അർധരാത്രിവരെ തങ്ങൾക്കൊപ്പം നിന്ന കെ.പി മോഹനൻ എം എൽ എക്കും, നഗരസഭാ ചെയർമാൻ കെ.പി ഹാഷിമിനും, പൊലീസിനും, വനം വകുപ്പ് ഉദ്യോഗസ്ഥർക്കും നാട്ടുകാർ കൈയ്യടികളോടെ നന്ദി അറിയിച്ചു. ജനപ്രതിനിധികളായ പി.കെ ഇബ്രാഹിം ഹാജി, പ്രീതാ അശോക് എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270715/forest-department-urges-caution-even-though-footprints-are-of-a-wild-cat-peoples-representatives-including-mla-and-municipal-chairman-applauded)