---
title: "കുറ്റകൃത്യത്തിന്റെ ഗൗരവം അറിയില്ലായിരുന്നെന്ന് കൊളവല്ലൂർ റാഗിംഗ് കേസിലെ പ്രതികൾ ; കൂട്ടുപ്രതികളെ ഉടൻ പിടികൂടും"
english_title: "Accused in Kolavallur ragging case say they were unaware of the seriousness of the crime; co-accused will be arrested soon"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270631/accused-in-kolavallur-ragging-case-say-they-were-unaware-of-the-seriousness-of-the-crime-co-accused-will-be-arrested-soon"
published_at: "2025-02-16T14:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67b1af1b4dea0_cxxxxx.jpg"
keywords: []
---

# കുറ്റകൃത്യത്തിന്റെ ഗൗരവം അറിയില്ലായിരുന്നെന്ന് കൊളവല്ലൂർ റാഗിംഗ് കേസിലെ പ്രതികൾ ; കൂട്ടുപ്രതികളെ ഉടൻ പിടികൂടും

> **Lead Summary:** കൊളവല്ലൂർ: കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനെ റാഗിംഗിന് വിധേയമാക്കിയ കേസിൽ പിടി യിലായവർ കുറ്റകൃത്യത്തിന്റെ ഗൗരവം തങ്ങൾക്ക് അറിയുമായിരുന്നില്ലെന്ന് പോലീസിന് മൊഴി നൽകി.

## Article Content

കൊളവല്ലൂർ: കൊളവല്ലൂർ പിആർ മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് നിഹാലിനെ റാഗിംഗിന് വിധേയമാക്കിയ കേസിൽ പിടി യിലായവർ കുറ്റകൃത്യത്തിന്റെ ഗൗരവം തങ്ങൾക്ക് അറിയുമായിരുന്നില്ലെന്ന് പോലീസിന് മൊഴി നൽകി.

പ്ലസ്‌ടു വിദ്യാർത്ഥികളായ പൊയിലൂർ മുണ്ടോടിയന്റവിട എം.വി ഫസൽ(18), പൊയിലൂർ വലിയ വലിക്കോ ത്ത് മുഹമ്മദ് നസിൽ(18), പാനൂർ സൈന മൻസിലിൽ മുഹമ്മദ് നഹ്യാൻ (18) എന്നി വരെയാണ് കൊളവല്ലൂർ സി.ഐ: കെ. സുമിത്ത്‌കുമാറിൻ്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്‌തത്.

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ഇത്രകണ്ട് പ്രശ്നമാകുമെന്ന് തങ്ങൾ കരുതിയിരുന്നില്ലെന്ന് പ്രതികൾ മൊഴി നൽകിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർത്ഥികൾക്കെതിരെയും കേസെടുത്തിരുന്നു. ഇവരുടെ പേര് വിവരങ്ങളും പൊലീസ് ചോദിച്ചറിഞ്ഞതായാണ് സൂചനകൾ.

കേസിൽ റാഗിംഗ് വകുപ്പ് കൂടി ചേർത്തതോടെ കേസ് കൂടുതൽ ഗൗരവതരമായിട്ടുണ്ട്. ആദ്യം നിഹാലിനെ അക്രമിച്ചതിനാണ് കേസെടുത്തത്. പിന്നീട് റാഗിംഗ് നടന്നുവെന്ന് പ്രിൻസിപ്പൽ റിപ്പോർട്ട് നൽകിയതിനെത്തുടർന്നാണ് റാഗിംഗ് കുറ്റംകൂടി ചുമത്തിയത്.

സ്കൂൾ തുറന്നതുമുതൽ പ്ലസ്‌വണ്ണിലെയും പ്ലസ്ടുവിലെയും ഒരുസംഘം വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം ഉടലെടുത്തിരു ന്നു. അതിന്റെ തുടർച്ചയായാണ് മുഹമ്മദ് നിഹാലിനെ അക്രമിച്ച് കൈ തല്ലിയൊടിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നിഹാലിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. വിദ്യാലയത്തിൽ റാഗിംഗിനെതിരെ പോലീസിന്റെയും, സ്കൂ‌ൾഅധികൃതരുടെയും മുൻകൈയിൽ ബോധവൽക്കരണ ക്ലാസ് നേരത്തെ തന്നെ നൽകിയിരു ന്നു. എന്നിട്ടും ഇതേക്കുറി ച്ചൊന്നും വിദ്യാർത്ഥികൾക്ക് ബോധമുണ്ടായില്ലായെന്നാണ് സംഭവം തെളിയിക്കുന്നത്. കഴിഞ്ഞ രാത്രി തന്നെ മൂന്നുപേരെയും തലശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ടിൻ്റെ വസതിയിൽ ഹാജരാക്കിയിരുന്നു.

എസ്.ഐ: വിൽസൺ ഫർണ്ണാണ്ടസ്, എ.എസ്.ഐ: മധുസൂദനൻ, സീനിയർ സി.പി.ഒമാരായ പ്രജീഷ്, ജോഷിത്, ദീപേഷ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270631/accused-in-kolavallur-ragging-case-say-they-were-unaware-of-the-seriousness-of-the-crime-co-accused-will-be-arrested-soon)