---
title: "വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു;  യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്"
english_title: "Man stabs woman, pours acid on her face after rejecting her proposal on Valentine's Day"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/270232/man-stabs-woman-pours-acid-on-her-face-after-rejecting-her-proposal-on-valentines-day"
published_at: "2025-02-14T14:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67af09a7af128_67af02dc1af54_acid.jpg"
keywords: []
---

# വാലന്റൈന്‍സ്‌ ദിനത്തിൽ പ്രണയാഭ്യർഥന നിരസിച്ചു;  യുവതിയെ കുത്തിയ ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് യുവാവ്

> **Lead Summary:** വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ​ഗൗതമിയെയാണ് ആക്രമിച്ചത്.

## Article Content

വാലന്റൈൻസ് ദിനത്തിൽ പ്രണയാഭ്യാ‍ർഥന നിരസിച്ചതിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആന്ധ്രാപ്രദേശിലെ പേരമ്പള്ളിയിലാണ് സംഭവം. 23 വയസ്സുള്ള ആന്ധ്രാ സ്വദേശിനി ​ഗൗതമിയെയാണ് ആക്രമിച്ചത്.

സംഭവത്തിൽ പെൺകുട്ടിയെ സ്ഥിരമായി ശല്ല്യം ചെയ്തിരുന്ന ​​ഗണേഷിനായി പൊലീസ് അന്വേഷണം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ശേഷം കാദിരി റോഡിൽ ബ്യൂട്ടിപാർലർ നടത്തുകയായിരുന്നു ​ഗൗതമി.

ഏപ്രിൽ 29 ന് ശ്രീകാന്ത് എന്ന യുവാവുമായി ​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചിരുന്നു. വിവാഹത്തിനായുള്ള തയ്യാറെടുപ്പിലായിരുന്നു ​ഗൗതമി. എന്നാൽ ​​ഗൗതമിയുടെ വിവാഹം ഉറപ്പിച്ചത് അറിഞ്ഞിട്ടും ​ഗണേഷ് യുവതിയെ സ്ഥിരമായി ശല്യം ചെയ്യുകയായിരുന്നു.

നിരന്തരം ​ഗൗതമിയെ ​ഗണേഷ് പിന്തുടർന്നു. ഗണഷിന്റെ പ്രണയം ​ഗൗതമി ആദ്യമേ തന്നെ നിരസിച്ചിരുന്നു. ഇത് ​ഗണേഷിനെ പ്രകോപിപ്പിച്ചു. വാലന്റൈൻസ് ദിനത്തിലും ​ഗണേഷ് വീണ്ടും തന്റെ പ്രണയം ​ഗൗതമിയെ അറിയിച്ചു. എന്നാൽ വിവാഹനിശ്ചയം കഴിഞ്ഞ ​​ഗൗതമി പ്രണയാഭ്യർഥന വീണ്ടും നിരസിക്കുകയായിരുന്നു.

തുട‍ർന്ന് ​ഗൗതമിയെ കൊല്ലാൻ പ്രതി വ്യക്തമായ പദ്ധതി തയ്യാറാക്കുകയായിരുന്നു. ഇത് അനുസരിച്ച് ​ഗൗതമിയുടെ മാതാപിതാക്കൾ പാൽ വാങ്ങാൻ പോയ സമയം നോക്കി പ്രതി ​ഗൗതമിയുടെ വീട്ടിലെത്തി.

​ഗൗതമിയെ കണ്ടുടൻ തന്നെ കത്തി കൊണ്ട് കുത്തി വീഴ്ത്തുകയും ശേഷം കൈയ്യിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ മുഖത്തൊഴിക്കുകയും ചെയ്തു. ​ഗുരുതര പരിക്കേറ്റ ​ഗൗതമി നിലവിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/270232/man-stabs-woman-pours-acid-on-her-face-after-rejecting-her-proposal-on-valentines-day)