---
title: "ഹോട്ടലിൽ പണം നൽകാൻ വൈകിയതിന്  പേരാമ്പ്രയിൽ ദളിത്  യുവാവിന് നേരെ ആൾക്കൂട്ടാക്രമണം,പരിക്ക് ; ദൃശ്യങ്ങൾ പുറത്ത്"
english_title: "Dalit youth attacked by mob in Perambra for delay in paying at hotel; footage released"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268560/dalit-youth-attacked-by-mob-in-perambra-for-delay-in-paying-at-hotel-footage-released"
published_at: "2025-02-07T11:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a59e99bbfb7_67a594e8842f8_fgfg.jpg"
keywords: []
---

# ഹോട്ടലിൽ പണം നൽകാൻ വൈകിയതിന്  പേരാമ്പ്രയിൽ ദളിത്  യുവാവിന് നേരെ ആൾക്കൂട്ടാക്രമണം,പരിക്ക് ; ദൃശ്യങ്ങൾ പുറത്ത്

> **Lead Summary:** പേരാമ്പ്ര പന്തിരിക്കരയിൽ ആൾക്കൂട്ട ആക്രമണത്തിൽ ദളിത് യുവാവിന് പരിക്ക്. ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ വൈകിയതിലാണ് മർദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

## Article Content

പേരാമ്പ്ര പന്തിരിക്കരയിൽ ആൾക്കൂട്ട ആക്രമണത്തിൽ ദളിത് യുവാവിന് പരിക്ക്. ഹോട്ടലിൽ ഭക്ഷണം കഴിച്ചു പണം നൽകാൻ വൈകിയതിലാണ് മർദിച്ചതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

യുവാവിനെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കഴിഞ്ഞ 26നാണു സംഭവം. എന്നാൽ ഇതുവരെ പൊലീസ് കേസെടുക്കാൻ തയാറാകാത്തതോടെയാണു വിഡിയോ ഉൾപ്പെടെ പുറത്തുവിട്ട് യുവാവിന്റെ കുടുംബം രംഗത്തെത്തിയത്.

മുതുകാട് ചെങ്കോട്ടക്കെല്ലി കേളം പൊയിൽ മിജിൻസ് എന്ന നന്ദുവിനെയാണ് (40) ഒരു കൂട്ടം ആളുകൾ മർദിച്ച് അവശനാക്കിയത്. ടൗണിലെ മുബാറക് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു യുവാവ്.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് കൈ കഴുകുമ്പോൾ ഫോൺ വന്നത് എടുത്ത് പുറത്തേക്ക് ഇറങ്ങിയതാണു പ്രശ്നമായത്. ഫോൺ വിളിച്ചു കഴിഞ്ഞു തിരിച്ചുവന്നു പണം നൽകാൻ തുടങ്ങവെ യുവാവിനെ ഹോട്ടൽ ഉടമയും കൂട്ടാളികളും ചേർന്ന് അസഭ്യം പറയുകയും മർദിക്കുകയുമായിരുന്നു.

അവശനായ മിജിൻസ് പ്രതികരിക്കാൻ നിൽക്കാതെ പണവും കൊടുത്തു തൊട്ടടുത്ത പഞ്ചായത്ത് കെട്ടിടത്തിലേക്ക് കയറിപ്പോയി. എന്നാൽ പിന്നാലെ എത്തിയ ഹോട്ടൽ ഉടമയും സംഘവും ജാതിപ്പേരു വിളിച്ച് വീണ്ടും മർദിക്കുകയുമായിരുന്നുവെന്നു മിജിൻസ് പെരുവണ്ണാമൂഴി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

സാരമായി പരുക്കേറ്റ മിജിൻസിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഡിസ്ചാർജ് ചെയ്തത്. കൊലപാതക ശ്രമമാണുണ്ടായതെന്നും സംഭവത്തിന്റെ വിഡിയോ അടക്കം നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയാറായില്ലെന്നും കുടുംബം ആരോപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268560/dalit-youth-attacked-by-mob-in-perambra-for-delay-in-paying-at-hotel-footage-released)