---
title: "അപൂർവ ക്യാൻസർ രോഗം ബാധിച്ച ദൈവിക്കിനായി പാനൂരിലെ  ബസ്കൂട്ടായ്മ സ്വരൂപിച്ചത് 3,88,922 രൂപ ; തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി"
english_title: "Panur bus group raises Rs 3,88,922 for Daivik, who is suffering from rare cancer; amount handed over to treatment support committee"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/268226/panur-bus-group-raises-rs-388922-for-daivik-who-is-suffering-from-rare-cancer-amount-handed-over-to-treatment-support-committee"
published_at: "2025-02-05T19:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a36efab3d03_Untitled-11_copy.jpg"
keywords: []
---

# അപൂർവ ക്യാൻസർ രോഗം ബാധിച്ച ദൈവിക്കിനായി പാനൂരിലെ  ബസ്കൂട്ടായ്മ സ്വരൂപിച്ചത് 3,88,922 രൂപ ; തുക ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി

> **Lead Summary:** **പാനൂർ :**അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി സർവീസ് നടത്തി പാനൂരിലെ ബസ് കൂട്ടായ്മ സ്വരൂപിച്ചത് 3,88,922 രൂപ. പാനൂർ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 21 ബസുകളാണ് ഒരു ദിവസത്തെ വരുമാനം മുഴുവൻ ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചത്. പാനൂർ ജനമൈത്രി എസ്.ഐ സുജോയ് തുക കൈമാറി.

## Article Content

**പാനൂർ :**അപൂർവ ക്യാൻസർ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന പന്ന്യന്നൂരെ നാലാം ക്ലാസുകാരൻ ദൈവിക്കിനായി സർവീസ് നടത്തി പാനൂരിലെ ബസ് കൂട്ടായ്മ സ്വരൂപിച്ചത് 3,88,922 രൂപ. പാനൂർ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 21 ബസുകളാണ് ഒരു ദിവസത്തെ വരുമാനം മുഴുവൻ ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റിയെ ഏൽപ്പിച്ചത്. പാനൂർ ജനമൈത്രി എസ്.ഐ സുജോയ് തുക കൈമാറി.

അപൂർവ ക്യാൻസർ രോഗം ബാധിച്ച ദൈവികിന് ഒരു കോടി അമ്പത് ലക്ഷം രൂപയാണ് ചികിത്സക്കായി വേണ്ടത്. നിലവിൽ കോഴിക്കോട് എം വി ആർ ആശുപത്രിയിൽ ചികിത്സയിലാണ് ദൈവിക്. രണ്ട് മാസത്തോളമായി ചികിത്സക്കാവിശ്യമായ പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് ദൈവിക് ചികിത്സാ സഹായ കമ്മിറ്റി. ഈ വിവരമറിഞ്ഞാണ് പാനൂരിലെ ബസ് കൂട്ടായ്മ ദൈവിക്കിന് കൈത്താങ്ങേകാൻ ഒരു ദിവസം മാറ്റിവച്ചത്. പാനൂർ ബസ്സ്റ്റാൻ്റ് കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന 21 ബസുകൾ ഈ സദ് ഉദ്യമത്തിൽ പങ്കാളികളായി. സ്റ്റാൻ്റ് കലക്ഷനായി 44,664 രൂപയും, മറ്റ് ബസുടമകളുടെ സംഭാവനയായി 31,000 രൂപയും അടക്കം 3,88,922 രൂപയാണ് ലഭിച്ചത്. പാനൂർ ജനമൈത്രി എസ്.ഐ സുജോയ് തുക ദൈവിക്ക് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ പി.ടി.കെ പ്രേമൻ മാസ്റ്റർക്ക് കൈമാറി. മുൻ കാലങ്ങളിലേതുപോലെ ധാർഷ്ട്യം നിറഞ്ഞ ഉടമകളൊ, സമൂഹത്തോട് പ്രതിബദ്ധത ഇല്ലാത്ത തൊഴിലാളികളൊ അല്ല ഇന്നുള്ളതെന്നും, എല്ലാ ആക്ഷേപങ്ങൾക്കുമുള്ള മറുപടിയാണിതെന്നും പാനൂർ ബസ് കൂട്ടായ്മ ഭാരവാഹി അക്ഷയ് ബിജു പറഞ്ഞു. ദൈവിക് ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ബൈജു ഭാസ്കർ സ്വാഗതവും, ബസ് കൂട്ടായ്മ ഭാരവാഹി സി.കെ റോജിൻ നന്ദിയും പറഞ്ഞു. ദൈവിക്കിൻ്റെ ചികിത്സക്കായി ഇനിയും 35 ലക്ഷം രൂപ കൂടി കണ്ടെത്തേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/268226/panur-bus-group-raises-rs-388922-for-daivik-who-is-suffering-from-rare-cancer-amount-handed-over-to-treatment-support-committee)