---
title: "ഇത് പുതുചരിത്രം, റെക്കോഡ് ;  സ്റ്റിംസ് വില്ലേജിനായി കൂത്ത്പറമ്പ്  മണ്ഡലം വനിതാ ലീഗ്  സംഘടിപ്പിച്ച  1 ലക്ഷം ബിരിയാണി ചലഞ്ച് പൂർത്തിയായി"
english_title: "This is a new history, a record; The 1 lakh biryani challenge organized by the Koothparamba Mandal Women's League for STIMS Village has been completed."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267878/this-is-a-new-history-a-record-the-1-lakh-biryani-challenge-organized-by-the-koothparamba-mandal-womens-league-for-stims-village-has-been-completed"
published_at: "2025-02-04T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a1b41acca9c_Untitled-5_copy.jpg"
keywords: []
---

# ഇത് പുതുചരിത്രം, റെക്കോഡ് ;  സ്റ്റിംസ് വില്ലേജിനായി കൂത്ത്പറമ്പ്  മണ്ഡലം വനിതാ ലീഗ്  സംഘടിപ്പിച്ച  1 ലക്ഷം ബിരിയാണി ചലഞ്ച് പൂർത്തിയായി

> **Lead Summary:** പാനൂർ :പതിനായിരം കോഴി, പത്തായിരം കിലോ അരി, 400 അടുപ്പ്, 1 ലക്ഷത്തിലധികം ബിരിയാണി. ചരിത്രം കുറിച്ച് പൂക്കോയ തങ്ങൾ ഹോസ്പേസ് ബിരിയാണി ചാലഞ്ച്.

## Article Content

പാനൂർ :പതിനായിരം കോഴി, പത്തായിരം കിലോ അരി, 400 അടുപ്പ്, 1 ലക്ഷത്തിലധികം ബിരിയാണി. ചരിത്രം കുറിച്ച് പൂക്കോയ തങ്ങൾ ഹോസ്പേസ് ബിരിയാണി ചാലഞ്ച്.

കല്ലിക്കണ്ടി മണി മുട്ടിക്കുന്നിൽ 11 ഏക്കർ സ്ഥലത്ത് ഒരുങ്ങുന്ന പാക്കഞ്ഞി കുഞ്ഞബ്ദുല്ല ഹാജി മെമ്മോറിയിൽ സ്റ്റിംസ് വില്ലേജിൻ്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള ഫണ്ട് സമാഹരണം ലക്ഷ്യമാക്കിയാണ് ചരിത്രം കുറിച്ച ബിരിയാണി ചലഞ്ച് നടന്നത്.

കൂത്ത്പറമ്പ് മണ്ഡലം മുസ്ലിം ലീഗ് പ്രവർത്തകരും, വനിതാ ലീഗ് പ്രവർത്തകരും കൈമെയ് മറന്ന് അധ്വാനിച്ചാണ് വമ്പൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചത്. ഒരു ലക്ഷത്തിലധികം ബിരിയാണി രാവിലെ മുതൽ ഓഡർ പ്രകാരം തയ്യാറാക്കി നൽകി. കൂത്ത്പറമ്പ് മണ്ഡലം വനിതാ ലീഗ് മണ്ഡലം കമ്മിറ്റിയാണ് ബിരിയാണി ചലഞ്ചിന് ചുക്കാൻ പിടിച്ചത്.കഴിഞ്ഞവർഷം ഇതേ രീതിയിൽ ബിരിയാണി ചലഞ്ച് നടത്തിയിരുന്നു. അന്ന് 54,000 ത്തോളം ബിരിയാണിയാണ് നൽകിയത്. രാഷ്ട്രീയ - ജാതി - മത ഭേദമന്യേ നല്ല പ്രതികരണമാണ് ബിരിയാണി ചലഞ്ചിന് ലഭിച്ചതെന്ന് കൂത്ത്പറമ്പ് മണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് എം ടി കെ സുലൈഖ പറഞ്ഞു. പുലർച്ചെ 4 മണിയോടെ പാചകം പൂർത്തിയായിരുന്നു. രാവിലെ 7 മുതൽ തുടങ്ങിയ ബിരിയാണി വിതരണം 12 മണിയോടെ പൂർത്തിയായി. നെച്ചിക്കാട്ടിൽ ഗ്രൗണ്ടിലാണ് ബിരിയാണി 400 അടുപ്പുകളിലായി പാചകം ചെയ്തത്.

സംസ്ഥാന മുസ്ലിംലീഗ് വൈസ് പ്രസിഡണ്ടും, സ്റ്റിംസ് ചെയർമാനുമായ പൊട്ടങ്കണ്ടി അബ്ദു‌ല്ല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിൽ മാത്രമല്ല ഇന്ത്യയിൽ തന്നെ ഏറ്റവും വലിയ ബിരിയാണി ചലഞ്ചാണ് നടത്തിയതെന്നും, ഒരു കോടി രൂപയാണ് ലക്ഷ്യമിട്ടതെങ്കിലും അതിലും കൂടുതൽ സമാഹരിക്കാനായതായി കൂത്ത്പറമ്പ് മണ്ഡലം മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി.എ.സലാം പറഞ്ഞു.

35 കോടി രൂപാ ചിലവിൽ 11 ഏക്കർ സ്ഥലത്ത് സൗജന്യ ക്യാൻസർ രോഗ ചികിത്സാ കേന്ദ്രം, 100 രോഗികൾക്ക് ഒരേ സമയം ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം, ബുദ്ധിവൈകല്യമുള്ള കുട്ടികൾക്കുള്ള ചികിത്സാ കേന്ദ്രം എന്നിവയാണ് ഒരുങ്ങുന്നത്. പ്രയാസപ്പെടുന്നവരെ ജാതിയൊ, മതമൊ, രാഷ്ട്രീയമൊ നോക്കാതെ മനുഷ്യരെന്ന നിലയിൽ അവരെ ചേർത്തു പിടിക്കുകയാണ് സ്റ്റിംസിൻ്റെ ലക്ഷ്യമെന്ന്

മുസ്ലിംലീഗ് ജന.സെക്രട്ടറി പി.കെ.ഷാഹുൽ ഹമീദ് പറഞ്ഞു.

ജില്ലാ ലീഗ് സെക്രട്ടറി ടി.പി.മുസ്തഫ, മുൻ പാനൂർ നഗരസഭ ചെയർമാനും സ്റ്റിംസ് സെക്രട്ടറിയുമായ വി.നാസർ മാസ്റ്റർ, പി.ടി.എച്ച്. സ്റ്റേറ്റ് കോർഡിനേറ്റർ ഡോ.എം.എ. അമീറലി, നസീമ ചാമാളിയിൽ, സാജിദ ഇസ്ഹാഖ് എന്നിവരും, മുസ്ലിം ലീഗ് കൗൺസിലർമാരും, പഞ്ചായത്ത് ഭാരവാഹികളും പ്രവർത്തകരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267878/this-is-a-new-history-a-record-the-1-lakh-biryani-challenge-organized-by-the-koothparamba-mandal-womens-league-for-stims-village-has-been-completed)