---
title: "ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചത്തു"
english_title: "Stray dog ​​that gave birth to six pups dies after being bitten by cobra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267708/stray-dog-that-gave-birth-to-six-pups-dies-after-being-bitten-by-cobra"
published_at: "2025-02-03T14:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a07eb791181_67a07d6f26bf7_dog.jpg"
keywords: []
---

# ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചത്തു

> **Lead Summary:** **(www.panoornews.in**)ഒരാഴ്ച മുന്‍പ് മാത്രം ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചത്തു. പിന്നാലെ വിഷം ശരീരത്തില്‍ എത്തിയ നായയുടെ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് 2 നായക്കുട്ടികളും നിമിഷ നേരം കൊണ്ട് പിടഞ്ഞുചത്തു.

## Article Content

**(www.panoornews.in**)ഒരാഴ്ച മുന്‍പ് മാത്രം ആറ് കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയ തെരുവ് നായ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചത്തു. പിന്നാലെ വിഷം ശരീരത്തില്‍ എത്തിയ നായയുടെ പാല്‍ കുടിച്ചതിനെ തുടര്‍ന്ന് 2 നായക്കുട്ടികളും നിമിഷ നേരം കൊണ്ട് പിടഞ്ഞുചത്തു.

മാളത്തില്‍ നിന്നും വീണ്ടുമെത്തിയ മൂര്‍ഖന്‍ അവശേഷിച്ചവയില്‍ ഒരു നായക്കുട്ടിയെ കടിച്ചെടുത്ത് മാളത്തിലേക്ക് കൊണ്ടുപോയി. കോഴിക്കോട് പന്തീരാങ്കാവ് കുന്നത്ത് പാലത്തിനടുത്താണ് കണ്ടുനിന്നവരില്‍ ഒരുപോലെ ഞെട്ടലും നൊമ്പരവുമുണ്ടാക്കിയ സംഭവങ്ങള്‍ നടന്നത്.

കുന്നത്ത്പാലം സ്വദേശിനി മഞ്ഞക്കോട്ട് വൈക്കാട്ടിരി പറമ്പില്‍ ഫാത്തിമ വീട്ടുപറമ്പില്‍ കഴിഞ്ഞിരുന്ന നായ ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രസവിച്ചത്. കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെ നായ അസ്വാഭാവികമായി കരുയ്ക്കുന്നത് കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങി നോക്കുകയായിരുന്നു.

നിമിഷങ്ങള്‍ക്കകം നായ ചത്തു വീഴുകയുമായിരുന്നു. പരിഭ്രമിച്ച വീട്ടുകാര്‍ പ്രദേശത്തെ പൊതുപ്രവര്‍ത്തകനായ അബ്ദുള്‍ അസീസിനെ വിവരമറിയിച്ചു.

അബ്ദുല്‍ അസീസ് എത്തി ചത്ത നായയെ മാറ്റുന്നതിനിടെ പാല് കുടിച്ചിരുന്ന രണ്ട് കുഞ്ഞുങ്ങള്‍ കൂടി ചത്ത് വീഴുകയായിരുന്നു. ഇതോടെ പാമ്പ് കടിച്ചതാവാം എന്ന സംശയം ബലപ്പെടുകയായിരുന്നു. ചത്ത നായയുടെയും കുഞ്ഞുങ്ങളുടെയും ജഡം സമീപത്ത് തന്നെ കഴിയെടുത്ത് മറവ് ചെയ്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267708/stray-dog-that-gave-birth-to-six-pups-dies-after-being-bitten-by-cobra)