---
title: "കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ  പീഡിപ്പിക്കാൻ  ശ്രമം ;  രക്ഷപ്പെടാൻ   കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ കണ്ണൂർ സ്വദേശിനിക്ക് ഗുരുതര പരിക്ക്"
english_title: "Attempt to rape hotel employee in Kozhikode; Kannur native seriously injured after jumping from building to escape"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267638/attempt-to-rape-hotel-employee-in-kozhikode-kannur-native-seriously-injured-after-jumping-from-building-to-escape"
published_at: "2025-02-03T11:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a05798d52ff_download.jpg"
keywords: []
---

# കോഴിക്കോട് ഹോട്ടൽ ജീവനക്കാരിയെ  പീഡിപ്പിക്കാൻ  ശ്രമം ;  രക്ഷപ്പെടാൻ   കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ കണ്ണൂർ സ്വദേശിനിക്ക് ഗുരുതര പരിക്ക്

> **Lead Summary:** പീഡനശ്രമം ചെറുക്കുന്നതിനിടെ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാംനിലയിൽനിന്ന് ഹോട്ടൽ ജീവനക്കാരിയായ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ കേസെടുത്ത് പൊലീസ് .

## Article Content

പീഡനശ്രമം ചെറുക്കുന്നതിനിടെ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ ഒന്നാംനിലയിൽനിന്ന് ഹോട്ടൽ ജീവനക്കാരിയായ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ കേസെടുത്ത് പൊലീസ് .

സംഭവത്തിൽ യുവതിയുടെ ഇടുപ്പെല്ല് പൊട്ടി ചികിത്സയിലാണ്. മുക്കത്തെ സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയും കണ്ണൂർ പയ്യന്നൂർ സ്വദേശിനിയുമായ യുവതിക്കാണ് പരിക്കേറ്റത്.

ഹോട്ടൽ ഉടമയും മറ്റു രണ്ടു പേരും രാത്രി താൻ താമസിക്കുന്ന വീട്ടിലെത്തി ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ രക്ഷപ്പെടാനായി താഴേക്ക് എടുത്തുചാടുകയായിരുന്നുവെന്നാണ് യുവതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്.

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് മുക്കം പൊലീസ് കേസെടുത്തത്. അതിക്രമിച്ച് കടക്കൽ, മാനഹാനിയുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്.

ശനിയാഴ്ച രാത്രി 11ഓടെയാണ് സംഭവം. മുക്കത്തിനടുത്ത മാമ്പറ്റയിൽ വാടകക്ക് താമസിച്ചിരുന്ന വീടിന്റെ സമീപം പുതുതായി ആരംഭിച്ച ഹോട്ടലിൽ ജീവനക്കാരിയാണ് യുവതി.

രാത്രി നിലവിളി കേട്ട് ഓടിക്കൂടിയ അയൽവാസികളും നാട്ടുകാരും യുവതിയെ മണാശ്ശേരിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267638/attempt-to-rape-hotel-employee-in-kozhikode-kannur-native-seriously-injured-after-jumping-from-building-to-escape)