---
title: "നടുവണ്ണൂരിൽ  ഡിവൈഎഫ്ഐ  നേതാക്കളുടെ  വീട്ടിലേക്ക് സ്ഫോടക  വസ്തു എറിഞ്ഞു"
english_title: "Explosive device thrown at DYFI leaders' house in Naduvannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267386/explosive-device-thrown-at-dyfi-leaders-house-in-naduvannur"
published_at: "2025-02-01T20:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679e37deab485_bvbvbv.jpg"
keywords: []
---

# നടുവണ്ണൂരിൽ  ഡിവൈഎഫ്ഐ  നേതാക്കളുടെ  വീട്ടിലേക്ക് സ്ഫോടക  വസ്തു എറിഞ്ഞു

> **Lead Summary:** നടുവണ്ണൂർ പഞ്ചായത്തിലെ വെള്ളിയൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതർ സ്ഫോടക വസ്തുക്കൾ എറിഞ്ഞു.

## Article Content

നടുവണ്ണൂർ പഞ്ചായത്തിലെ വെള്ളിയൂരിൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതർ സ്ഫോടക വസ്തുക്കൾ എറിഞ്ഞു.

നടുവണ്ണൂർ പഞ്ചായത്തിലെ കരുവണ്ണൂർ അഞ്ചാം വാർഡിലെ പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിക്കപ്പെട്ടത്.

ഗിരീഷിന്റെ മക്കളാണ് കരുവണ്ണൂർ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ജഗനും, ഡിവൈഎഫ്ഐ കരുവണ്ണൂർ യൂണിറ്റ് അംഗമായ സ്നേഹയും. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം.

ആക്രമണ സമയത്ത് ജഗനും സ്നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.

രാത്രിയിൽ ഉറങ്ങിയ വീട്ടുകാർ പുറത്തുനിന്ന് കനത്ത ശബ്ദം കേട്ടതിനെ തുടർന്ന് വീടിനു പുറത്തെത്തിയപ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു. ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു വീടിനുള്ളിലേക്ക് എത്താതിരുന്നത് വലിയ അപകടം ഒഴിവാക്കി.

ജഗൻ ജനലിനു സമീപം കിടന്നുറങ്ങുകയായിരുന്നു. സമീപത്തെ ക്ഷേത്രോത്സവത്തിനിടയിൽ ഉണ്ടായ തർക്കം ആക്രമണത്തിലേക്ക് നയിച്ചതാകാമെന്ന് സംശയിക്കപ്പെടുന്നു.

ഉത്സവപ്പറമ്പിൽ ലഹരി ഉപയോഗിച്ച് ചിലർ സ്ത്രീകളെ ശല്യം ചെയ്തതതു പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നാണ് വീട്ടുകാരുടെ സംശയം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267386/explosive-device-thrown-at-dyfi-leaders-house-in-naduvannur)