---
title: "ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി ;  മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ ഐ.ടി ആക്ട് പ്രകാരം കേസ്"
english_title: "Wife taps husband's phone conversation with girlfriend; Case filed against mobile phone technician under IT Act"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267174/wife-taps-husbands-phone-conversation-with-girlfriend-case-filed-against-mobile-phone-technician-under-it-act"
published_at: "2025-01-31T21:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679cefa17d206_Untitled-3_copy.jpg"
keywords: []
---

# ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി ;  മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ ഐ.ടി ആക്ട് പ്രകാരം കേസ്

> **Lead Summary:** ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.

## Article Content

ഭര്‍ത്താവും കാമുകിയുമായുള്ള ഫോണ്‍ സംഭാഷണം ഭാര്യയ്ക്ക് ചോര്‍ത്തി നല്‍കിയ മൊബൈല്‍ ഫോണ്‍ ടെക്‌നീഷ്യനെതിരേ കേസ്. 54 വയസ്സുകാരനായ ഭര്‍ത്താവിന്റെ പരാതിയിലാണ് ഐ.ടി ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഇയാള്‍ക്കെതിരേ മറ്റൊരു സ്ത്രീ പരാതി നല്‍കിയിട്ടുണ്ട്. വഴിയില്‍വെച്ച് കയറിപ്പിടിച്ചെന്നാണ് ഈ പരാതി. പത്തനംതിട്ട തണ്ണിത്തോട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കാര്‍ത്തിക ഭവനില്‍ നവീന്‍ (30) എന്നയാള്‍ക്കെതിരേയാണ് പരാതി പ്രകാരം പോലീസ് കേസെടുത്തിരിക്കുന്നത്.

മൂന്നാഴ്ച മുന്‍പാണ് പരാതിക്കാരനും കാമുകിയും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡുകള്‍ നവീന്‍ ചോര്‍ത്തുകയും പരാതിക്കാരന്റെ ഭാര്യയ്ക്ക് കൈമാറുകയും ചെയ്തത്. പരാതിക്കാരന് മൊബൈല്‍ ഫോണിന്റെ സാങ്കേതിക കാര്യങ്ങളെ കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല.

ഫോണ്‍ ഹാങ്ങായതിനെ തുടര്‍ന്ന് ഇത് നന്നാക്കാനായാണ് ടെക്‌നീഷ്യനായ നവീനിന് നല്‍കിയത്. ഫോണ്‍ റിപ്പയര്‍ ചെയ്യുന്നതിനൊപ്പം നവീന്‍ ഈ മൊബൈല്‍ ഫോണിലെ റെക്കോര്‍ഡിങ്ങുകള്‍ സ്വന്തം ഫോണിലേക്ക് മാറ്റി പരാതിക്കാരന്റെ ഭാര്യയ്ക്ക് കേള്‍പ്പിച്ചുകൊടുക്കുകയും ചെയ്തു.

ഇതോടെ ഇയാളുടെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടര്‍ന്നാണ് ഇയാള്‍ നവീനെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്. 26നാണ് നവീനെതിരേ മറ്റൊരു പരാതിയെത്തുന്നത്.

സ്‌കൂട്ടറില്‍ പോകവെ രാത്രി തണ്ണിത്തോട് ഭാഗത്തുവെച്ച് തന്നെ കടന്നുപിടിക്കാന്‍ ശ്രമിച്ചുവെന്നാണ് സ്ത്രീയുടെ പരാതി. ഈ രണ്ടാമത്തെ പരാതിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടോയെന്ന് പോലീസ് പരിശോധിക്കുകയാണ്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കാനുള്ള ശ്രമത്തിലാണ് പോലീസ്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267174/wife-taps-husbands-phone-conversation-with-girlfriend-case-filed-against-mobile-phone-technician-under-it-act)