---
title: "സർവീസ് ജീവിതത്തിലെ അവസാന ദിനം എന്നുമോർക്കാൻ പാനൂർ കെ.എസ്.ഇ.ബി  ഓഫീസിലേക്ക് 9 കിലോമീറ്റർ  ''ഓടി'യെത്തി ലൈൻമാൻ  അശോകൻ."
english_title: "Lineman Ashokan 'ran' 9 kilometers to the Panur KSEB office to mark his last day in service."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267102/lineman-ashokan-ran-9-kilometers-to-the-panur-kseb-office-to-mark-his-last-day-in-service"
published_at: "2025-01-31T13:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679c8a0e22f82_Untitled-6_copy.jpg"
keywords: []
---

# സർവീസ് ജീവിതത്തിലെ അവസാന ദിനം എന്നുമോർക്കാൻ പാനൂർ കെ.എസ്.ഇ.ബി  ഓഫീസിലേക്ക് 9 കിലോമീറ്റർ  ''ഓടി'യെത്തി ലൈൻമാൻ  അശോകൻ.

> **Lead Summary:** പാനൂർ :ഔദ്യോഗിക സർവീസ് ജീവിതത്തോട് വിട പറയുന്ന ദിവസം പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ അശോകൻ ഓഫീസിലെത്തിയത് വേറിട്ട രീതിയിൽ. വ്യായാമമില്ലാതെ ജീവിത ശൈലീ രോഗങ്ങൾക്കടിപ്പെടുന്ന പുതുതലമുറയെ ബോധവത്ക്കരിക്കാൻ വേണ്ടി 9 കിലോമീറ്റർ ദൂരം ഓടിക്കൊണ്ടാണ് അശോകൻ ഓഫീസിലെത്തിയത്.

## Article Content

പാനൂർ :ഔദ്യോഗിക സർവീസ് ജീവിതത്തോട് വിട പറയുന്ന ദിവസം പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെ ലൈൻമാൻ അശോകൻ ഓഫീസിലെത്തിയത് വേറിട്ട രീതിയിൽ. വ്യായാമമില്ലാതെ ജീവിത ശൈലീ രോഗങ്ങൾക്കടിപ്പെടുന്ന പുതുതലമുറയെ ബോധവത്ക്കരിക്കാൻ വേണ്ടി 9 കിലോമീറ്റർ ദൂരം ഓടിക്കൊണ്ടാണ് അശോകൻ ഓഫീസിലെത്തിയത്.

പൂക്കോട് മുതൽ പാനൂർ കെ.എസ്.ഇ.ബി ഓഫീസുവരെ 9 കി.മി ദൂരമാണ് അശോകൻ ഓടിയത്. കെ.പി മോഹനൻ എം.എൽ.എ. ഓട്ടം ഫ്ലാഗ് ഓഫ് ചെയ്തു. തികച്ചും മാതൃകാപരമായ പ്രവർത്തനമാണിതെന്ന് അദ്ദേഹം പറഞ്ഞു.

പാനൂർ നഗരസഭാ കൗൺസിലർ പി.കെ. പ്രവീൺ,

കൂത്തുപറമ്പ് നഗരസഭാ കൗൺസിലർ ടി.ഗിരിജ, കൂത്തുപറമ്പ് പ്രസ് ഫോറം പ്രസിഡൻ്റ് എൻ. ധനഞ്ജയൻ, മകളും ഹോക്കി ദേശീയ താരമായ അനുശ്രി എന്നിവരും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

.

8 മണിയോടെ അശോകൻ പാനൂർ കെ.എസ്.ഇ.ബി ഓഫീസിലെത്തി.

കെ.എസ് ഇ ബി അസി. എൻജിനീയർ ആർ. ശ്രീകുമാർ ഹാരമണിയിച്ച് അശോകനെ സ്വീകരിച്ചു. സബ് എഞ്ചിനീയർ ടി.ബി വിനീഷ് കുമാർ, ഓവർസിയർ കെ.സി വിജേഷ്, കെ.രതീഷ്. എന്നിവർ സംസാരിച്ചു.

16 വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് പാതിരിയാട് വാളാങ്കിച്ചാൽ സ്വദേശിയായ അശോകൻ വിരമിക്കുന്നത്. വിരമിക്കൽ ദിവസവും പതിവുപോലെ ഓഫീസിൽ സജീവമായിരുന്നു അശോകൻ. വ്യായാമമില്ലാതെ രോഗാതുരരാകുന്ന പുതുതലമുറയെയും, മൊബൈൽ ഫോണിൻ്റെ ദൂഷ്യവശങ്ങളെക്കുറിച്ച് രക്ഷിതാക്കളെയും ബോധവത്ക്കരിക്കാനുമായാണ് ഇത്തരമൊരു പ്രവൃത്തിയെന്ന് അശോകൻ പറഞ്ഞു. സഹപ്രവർത്തകരുടെയും, ഭാര്യ ശ്രീജയുടെയും, മക്കളായ ഹോക്കി ദേശീയതാരം അനുശ്രി, അശ്വിനി എന്നിവരുടെയും പൂർണ പിന്തുണയും അശോകനുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267102/lineman-ashokan-ran-9-kilometers-to-the-panur-kseb-office-to-mark-his-last-day-in-service)