---
title: " ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച സംഭവം; മുൻ സൈനികൻ അറസ്റ്റിൽ"
english_title: "Former soldier arrested for killing wife and cooking her in cooker"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266492/former-soldier-arrested-for-killing-wife-and-cooking-her-in-cooker"
published_at: "2025-01-28T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679906adc92a4_download_(5).jpg"
keywords: []
---

#  ഭാര്യയെ കൊന്ന് കുക്കറിൽ വേവിച്ച സംഭവം; മുൻ സൈനികൻ അറസ്റ്റിൽ

> **Lead Summary:** തെലങ്കാനയിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറിൽ വേവിച്ച സംഭവത്തിൽ മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലേലഗുഡ സ്വദേശി ഗുരുമൂർത്തി യെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

## Article Content

തെലങ്കാനയിൽ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി കുക്കറിൽ വേവിച്ച സംഭവത്തിൽ മുൻ സൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലേലഗുഡ സ്വദേശി ഗുരുമൂർത്തി യെ ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

സൈന്യത്തിൽനിന്ന് സ്വമേധയാ വിരമിച്ച ഗുരുമൂർത്തി കച്ചൻബാഗിലെ ഡി.ആർ.ഡി. ഔട്ട്സോഴ്സിങ് ബേസിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്ത് വരികയായിരുന്നു.

കൊല്ലപ്പെട്ട വെങ്കട മാധവിയെ 13 വർഷം മുമ്പാണ് ഇയാൾ വിവാഹം കഴിച്ചത്. ഈ ബന്ധത്തിൽ രണ്ട് കുട്ടികളുണ്ട്.

ജനുവരി 16നാണ് തെലങ്കാനയെ നടക്കിയ അരുംകൊല നടന്നത്. മാധവിയെ ഗുരുമൂർത്തി കൊലപ്പെടുത്തിയശേഷം ശരീരം പലകഷണങ്ങളാക്കി വെട്ടിമുറിച്ച് വേവിക്കുകയും പിന്നാലെ കവറിലാക്കി സമീപത്തെ തടാകത്തിൽ ഉപേക്ഷ‍ിക്കുക‍യുമായിരുന്നു.

ഹൈദരാബാദിലെ രംഗറെഡ്ഡി ജില്ലയിൽ മീർപേട്ട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വെങ്കടേശ്വര കോളനിയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ജനുവരി 18ന് മാധവിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതവ് സുബമ്മ പൊലീസിൽ പരാതി നൽകി. രണ്ടു ദിവസം മുമ്പ് ഭർത്താവുമായി വഴക്കിട്ട് അവർ വീട്ടിൽനിന്ന് ഇറങ്ങിപോയെന്നാണ് ഗുരുമൂർത്തി പൊലീസിന് നൽകിയ മൊഴി.

അന്വേഷണത്തിനിടെ സംശയം തോന്നിയ പൊലീസ് ഗുരുമൂർത്തിയ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് അരുംകൊലയുടെ വിവരങ്ങൾ പുറത്തുവരുന്നത്.

വാക്കുതർക്കത്തിന്‍റെ ദേഷ്യത്തിലാണ് കൊല നടത്തിയതെന്ന് ഗുരുമൂർത്തി സമ്മതിച്ചു. ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം തെളിവുകൾ നശിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ശരീരം വെട്ടിമുറിച്ചത്. മൃതദേഹം ശുചിമുറിയിൽ വെച്ചാണ് വെട്ടിമുറിച്ചത്.

ശരീര ഭാഗങ്ങൾ പൂർണമായും എല്ലിൽനിന്ന് വേർപെടുത്തിയശേഷം കീടനാശിനി തളിച്ച് വേവിച്ചു. ഇത്തരത്തിൽ ഇറച്ചിയും എല്ലും മൂന്നു ദിവസം വേവിച്ചതായാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. പിന്നാലെ ബാഗിലാക്കി സമീപത്തെ തടാകത്തിൽ ഉപേക്ഷിച്ചു.

ഗുരുമൂർത്തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് തടാകത്തിൽ പരിശോധന നടത്തിയെങ്കിലും ശരീര ഭാഗങ്ങളൊന്നും കണ്ടെത്താനായില്ല. ഗുരുമൂർത്തി സ്വയം കുറ്റം ഏറ്റുപറയുകയായിരുന്നുവെന്ന് എൽ.ബി നഗർ ഡി.സി.പി പറഞ്ഞു. അഞ്ചു വർഷമായി വെങ്കടേശ്വര കോളനിയിലാണ് ദമ്പതികൾ താമസിക്കുന്നത്.

കൊല നടന്ന ദിവസം മക്കൾ ഗുരുമൂർത്തിയുടെ സഹോദരിയുടെ വീട്ടിലായിരുന്നു. മാധവിയെ കാണാനില്ലെന്ന കഥ ഉണ്ടാക്കിയതും യുവതിയുടെ രക്ഷിതാക്കളെ അറിയിച്ചതും ഗുരുമൂർത്തി തന്നെയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266492/former-soldier-arrested-for-killing-wife-and-cooking-her-in-cooker)