---
title: "സംസ്ഥാനത്ത് 50  ജിമ്മുകളിൽ മിന്നൽ പരിശോധന ; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക  മരുന്നുകൾ പിടികൂടി"
english_title: "Flash inspection of 50 gyms in the state; Doping drugs worth Rs. 1.5 lakh seized"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/266465/flash-inspection-of-50-gyms-in-the-state-doping-drugs-worth-rs-15-lakh-seized"
published_at: "2025-01-28T20:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6798efb9eaaa6_Untitled-1_copy.jpg"
keywords: []
---

# സംസ്ഥാനത്ത് 50  ജിമ്മുകളിൽ മിന്നൽ പരിശോധന ; ഒന്നര ലക്ഷം രൂപയുടെ ഉത്തേജക  മരുന്നുകൾ പിടികൂടി

> **Lead Summary:** ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.

## Article Content

ജിമ്മുകളിലെ അനധികൃത മരുന്നുകൾ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകൾ നടത്തിയതായി മന്ത്രി വീണ ജോർജ്. സംസ്ഥാനത്തെ 50 ജിമ്മുകളിൽ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു.

ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബർ മാസത്തിൽ ജിമ്മുകൾ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകൾ അനധികൃതമായി ഉപഭോക്താക്കൾക്ക് നൽകി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകൾക്കെതിരെ കേസെടുത്ത് കർശന നിയമ നടപടികൾ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി. ജിമ്മുകളിൽ നിന്നും പിടിച്ചെടുത്ത മരുന്നുകളിൽ പല രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉൾപ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടിൽ നിന്ന് വൻതോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകൾ എല്ലാം തന്നെ സ്റ്റിറോയ്ഡുകൾ അടങ്ങിയവയാണ്. ഡോക്ടറുടെ കുറിപ്പടി പ്രകാരം മാത്രം കഴിക്കേണ്ട മരുന്നുകളാണ് ഇവ. ഇത്തരം മരുന്നുകൾ അംഗീകൃത ഫാർമസികൾക്ക് മാത്രമേ വിൽക്കാൻ അധികാരമുള്ളൂ.

ഇത്തരത്തിലുള്ള മരുന്നുകളുടെ ഉപയോഗം കൊണ്ട് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

ജിമ്മുകൾ കേന്ദ്രീകരിച്ച് പരിശോധനകൾ ശക്തമാക്കാൻ മന്ത്രി വീണ ജോർജ് നിർദേശം നൽകി. തൃശൂരിൽ ഇന്നും പരിശോധന നടന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/266465/flash-inspection-of-50-gyms-in-the-state-doping-drugs-worth-rs-15-lakh-seized)