---
title: "അര  കിലോമീറ്റർ ചുറ്റളവിൽ  കോപ്പാലം മൂലക്കടവിൽ 6  പെട്രോൾ പമ്പ് ; വീണ്ടുമൊരു പമ്പിനായുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച്  നാട്ടുകാർ"
english_title: "6 petrol pumps within half a kilometer radius at Kopalam Mulakkadu; Locals protest against move for another pump"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/265313/6-petrol-pumps-within-half-a-kilometer-radius-at-kopalam-mulakkadu-locals-protest-against-move-for-another-pump"
published_at: "2025-01-23T17:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67922fb945168_Untitled-1_copy.jpg"
keywords: []
---

# അര  കിലോമീറ്റർ ചുറ്റളവിൽ  കോപ്പാലം മൂലക്കടവിൽ 6  പെട്രോൾ പമ്പ് ; വീണ്ടുമൊരു പമ്പിനായുള്ള നീക്കത്തിനെതിരെ പ്രതിഷേധം കടുപ്പിച്ച്  നാട്ടുകാർ

> **Lead Summary:** കോപ്പാലം :മാഹിയുടെ ഭാഗമായ മൂലക്കടവിൽ നിലവിൽ 5 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആറാമത്തെ പെട്രോൾ പമ്പാകട്ടെ പണി പൂർത്തിയായി ഉദ്ഘാടന സജ്ജമാണ്.

## Article Content

കോപ്പാലം :മാഹിയുടെ ഭാഗമായ മൂലക്കടവിൽ നിലവിൽ 5 പെട്രോൾ പമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. ആറാമത്തെ പെട്രോൾ പമ്പാകട്ടെ പണി പൂർത്തിയായി ഉദ്ഘാടന സജ്ജമാണ്.

ഇത് കൂടി കൂട്ടുമ്പോൾ 6 പെട്രോൾ പമ്പുകൾ നിലവിലിരിക്കെയാണ് കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കാനുള്ള നീക്കം. ഇതിനെതിരെ നാട്ടുകാർ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തി. കോപ്പാലത്തിനോട് ചേർന്ന ഒഴിഞ്ഞ സ്ഥലത്താണ് പെട്രോൾ പമ്പ് സ്ഥാപിക്കാൻ എൻ.ഒ.സി.ക്കായി അപേക്ഷിച്ചിട്ടുള്ളത്. തുടർന്ന് വ്യാഴാഴ്ച്ച രാവിലെ എൻ.ഒ.സി. നൽകുന്നതിലേക്കായി ജോയിൻ്റ് ലാൻഡ് സർവ്വെയ്ക്കായി മാഹിയിൽ നിന്ന് ഭരണാധികാരികൾ നിർദ്ദിഷ്ട സ്ഥലത്ത് എത്തിയപ്പോഴാണ് നാട്ടുകാർ പ്രതിഷേധം അറിയിച്ചത്.

റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഇൻ ചാർജ്, മാഹി പോലീസ് സുപ്രണ്ട്, ഡെപ്യൂട്ടി തഹസിൽദാർ, പൊതുമരാമത്ത് ,നഗരസഭാ അധികൃതർ എന്നിവരുടെ സംഘം സർവ്വെയ്ക്കായി എത്തിയപ്പോൾ സ്ത്രീകളടക്കമുള്ള ആക്ഷൻ കമ്മിറ്റി അംഗങ്ങൾ സംഘം ചേർന്ന് പ്രതിഷേധിച്ചു.

മൂലക്കടവിൽ പുതിയ പെട്രോൾ പമ്പ് അനുവദിക്കുന്നതിനെതിരെ നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപികരിച്ചിട്ടുമുണ്ട്. മദ്യശാലയുടെ അടുക്കള ഭാഗം പമ്പിനോട് ചേർന്ന് നിൽക്കുന്ന സാഹചര്യത്തിലാണ് നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രി, ലഫ് - ഗവർണ്ണറടക്കമുള്ളവർക്ക് നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

ആക്ഷൻ കമ്മിറ്റി പ്രസിഡൻ്റും, മുൻ പന്തക്കൽ വാർഡ് കൗൺസിലർ കൂടിയായ കെ.വി.മോഹനൻ ഇനി പുതിയ പമ്പ് മൂലക്കടവിൽ അനുവദിച്ചാലുള്ള ഭവിഷ്യത്ത് ഉദ്യോഗസ്ഥരെ ധരിപ്പിച്ചു. മൂലക്കടവിൽ 14 മദ്യശാലകളും, നിലവിലെ പെട്രോൾ പമ്പുകളും കാരണമുള്ള ഗതാഗതക്കുരുക്ക്, മലിനീകരണം തുടങ്ങിയ അവസ്ഥകൾ നിലനിൽക്കെ പുതിയ പെട്രോൾ പമ്പുകൾക്ക് വീണ്ടും എൻ.ഒ.സി നൽകിയാൽ സമരപരിപാടികൾ ആരംഭിക്കുമെന്ന് അക്ഷൻ കമ്മിറ്റി അധികൃതർക്ക് മുന്നറിയിപ്പ് നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/265313/6-petrol-pumps-within-half-a-kilometer-radius-at-kopalam-mulakkadu-locals-protest-against-move-for-another-pump)