(www.panoornews.in)വീട് ജപ്തി ചെയ്യാനെത്തിയതിനെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച് സ്ത്രീ മരിച്ച സംഭവത്തില്‍ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു.
പട്ടാമ്പി കിഴായൂര്‍ കിഴക്കേ പുരക്കല്‍ ജയ (48)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ജയയുടെ ഭര്‍ത്താവ് ഉദയന്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയാണ് പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിട്ടുള്ളത്.
കോടതി നടപടി പ്രകാരം ജപ്തി നടപടികള്‍ക്കായാണ് ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് അധികൃതരും, പോലീസും, റവന്യൂ വകുപ്പ് ഉദ്യോസ്ഥരും അടങ്ങുന്ന സംഘം ജയയുടെ വീട്ടില്‍ എത്തിയത്.
ഉദ്യോഗസ്ഥരെത്തി ഇക്കാര്യം അറിയച്ചപ്പോള്‍ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി.
80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് മരണം സംഭവിച്ചത്.
ഷൊര്‍ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും 2015-ല്‍ രണ്ട് ലക്ഷം രൂപ ജയയും, ഭര്‍ത്താവും ചേര്‍ന്ന് ലോണെടുത്തത്. തിരിച്ചടവുകള്‍ തെറ്റിയതോടെ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയായി.
പട്ടാമ്പിയില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നയാളാണ് ജയ. ജപ്തി നടപടിയുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്താണ് സംഭവം.
സംഭവത്തെത്തുടര്‍ന്ന് പട്ടാമ്പിയില്‍ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രതിഷേധങ്ങളും നടന്നു.
Housewife dies after setting herself on fire during foreclosure proceedings; case filed for unnatural death