---
title: "കണ്ണീർ നോവായി  മുഹമ്മദ് ഫസൽ ; ദുരന്തത്തിൽ വിറങ്ങലിച്ച് തൂവക്കുന്നും, ഗവ. എൽ പി സ്കൂളും"
english_title: "Muhammed Fazal in tears; Thuvakkunnum and Govt. LP School, shaken by the tragedy"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/261850/muhammed-fazal-in-tears-thuvakkunnum-and-govt-lp-school-shaken-by-the-tragedy"
published_at: "2025-01-08T07:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/677ddced657af_Untitled-1_copy.jpg"
keywords: []
---

# കണ്ണീർ നോവായി  മുഹമ്മദ് ഫസൽ ; ദുരന്തത്തിൽ വിറങ്ങലിച്ച് തൂവക്കുന്നും, ഗവ. എൽ പി സ്കൂളും

> **Lead Summary:** പാനൂർ : ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് എല്ലാവരും ഭയന്നോടുകയായിരുന്നു. പലരും പല വീടുകളിലേക്ക് ഓടിക്കയറി.

## Article Content

പാനൂർ : ഇന്നലെ വൈകിട്ട് അഞ്ചരയോടെ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ തെരുവുനായയെ കണ്ട് എല്ലാവരും ഭയന്നോടുകയായിരുന്നു. പലരും പല വീടുകളിലേക്ക് ഓടിക്കയറി.

പിന്നീടാണ് മുഹമ്മദ് ഫസൽ വീട്ടിലെത്താത്തതിനെ തുടർന്നാണ് അന്വേഷണം നടക്കുന്നത്. തുടര്‍ന്ന് കാണാതായ ഫസലിനായി ഒരു നാടു മുഴുവൻ തിരയുമ്പോഴും ഒന്നും പറ്റിയിട്ടുണ്ടാവില്ലെന്ന വിശ്വാസത്തിലായിരുന്നു തൂവക്കുന്ന്. മണിക്കൂറുകൾ എല്ലാ വീടുകളിലും ഫോൺ മുഖേനയും, നേരിട്ടും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനാവാഞ്ഞതോടെ മുക്കും മൂലയും അരിച്ചുപെറുക്കിയുള്ള തിരച്ചിൽ നടത്തവെയാണ് സമീപത്തെ നിർമ്മാണത്തിലിരിക്കുന്ന വീടിനോട് ചേർന്ന ആൾമറയില്ലാത്ത കിണറ്റിൽ ഫസലിനെ കണ്ടെത്തിയത്.

റോഡിനോട് ചേർന്നുള്ള ഈ കിണർ പെട്ടന്ന് തിരിച്ചറിയാനുമാകില്ലെന്ന് നാട്ടുകാർ പറയുന്നു. പാനൂർ ഫയർഫോഴ്സെത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ഫയർസ്റ്റേഷൻ ഓഫീർ എം.എസ് ഹരീഷ്, സേനാംഗങ്ങളായ എം കെ രഞ്ജിത്ത്, ടി.ഇ ജിജേഷ്, എം.വിപിൻ, എംസി വിനീഷ്, രത്നാകരൻ എന്നിവർ നേതൃത്വം നൽകി.

തുവക്കുന്ന് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫസല്‍. വിവരമറിഞ്ഞ് ഞെട്ടലിലാണ് സ്കൂൾ കുട്ടികളും അധ്യാപകരും. തൂവക്കുന്ന്, പൊയിലൂർ ഭാഗങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാണെന്നും, അടിയന്തിര നടപടി കൈക്കൊള്ളണമെന്നും കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.കെ മുഹമ്മദലി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/261850/muhammed-fazal-in-tears-thuvakkunnum-and-govt-lp-school-shaken-by-the-tragedy)