(www.panoornews.in)പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഓട്ടോ ഡ്രൈവർ പിടിയിലായി.
തിരുവനന്തപുരം നെടുമങ്ങാട്, തോട്ടുമുക്ക് പാറയിൽ വീട്ടിൽ നിന്നും മുണ്ടക്കൽ ബീച്ച് നഗർ 58ൽ താമസിക്കുന്ന ഷാനവാസിനെയാണ് (39) കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ ട്യൂഷന് പോകാത്തതിന് സഹോദരൻ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ പിണങ്ങി കൊല്ലം ബീച്ചിലെത്തിയ പെൺകുട്ടി മൊബൈൽ വാങ്ങുന്നതിനായി ഓട്ടോ ഡ്രൈവർ ഷാനവാസിനോട് സഹായം ചോദിച്ചു.
ഓട്ടോറിക്ഷയിൽ കയറ്റി അടുത്തുള്ള മൊബൈൽ ഷോപ്പിൽ നിന്നും ഫോൺ വാങ്ങി കൊടുത്തശേഷം സിം ആക്റ്റീവ് ആകാൻ താമസം ഉണ്ടെന്നും അതുവരെ ആശ്രാമം മൈതാനത്തു വിശ്രമിക്കാമെന്നും പറഞ്ഞ് പെൺകുട്ടിയെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയി.
തുടർന്ന് ഇയാൾ പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്താൻ ശ്രമിക്കുകയായിരുന്നു. കുട്ടി പ്രതിരോധിച്ചതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് തിരികെ ബീച്ചിലെത്തിച്ചു.
ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽനിന്ന് വിവരം ലഭിച്ച കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊല്ലം ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ ഷബ്ന, സി.പി.ഒ മാരായ സ്വാതി, അജയകുമാർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Auto driver arrested for sexually assaulting 10th grade student