പേരാമ്പ്ര:(www.panoornews.in) പേരാമ്പ്രയിലെ പ്രധാന എംഡിഎംഎ ലഹരി വില്‍പനക്കാരനും സഹോദരനും പൊലീസിന്റെ പിടിയില്‍.
പേരാമ്പ്ര പുറ്റം പൊയില്‍ താമസിക്കുന്ന ചേനോളി സ്വദേശി കണിക്കുളങ്ങര യു.എം അഫ്‌നാജ് എന്ന ചിമ്പി, സഹോദരന്‍ യു.എം മുഹസിന്‍ എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
പേരാമ്പ്ര ലാസ്റ്റ് കല്ലോട് ഭാഗത്ത് വാഹന പരിശോധന നടത്തുകയായിരുന്ന എസ്‌ഐ ഷമീറും സംഘവും ഇവരുടെ കാറിന് കൈ കാണിച്ചപ്പോള്‍ കാര്‍ നിര്‍ത്താതെ പോകുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഉടന്‍ ഇവരെ പിന്‍തുടരുകയും ചെയ്തു.
ഇവരുടെ സ്ഥിരം താവളമായ ലാസ്റ്റ് കല്ലോടുള്ള കേദാരം കാര്‍ വര്‍ക് ഷോപ്പിലേക്ക് പ്രതികള്‍ കാര്‍ ഓടിച്ചു കയറ്റിയത്. പിന്നാലെ പൊലീസും സ്ഥലത്തെത്തി.
പൊലീസുമായി ബലപ്രയോഗം നടത്തിയ സഹോദരന്‍മാരെ എസ്‌ഐ ഷമീറും പേരാമ്പ്ര ഡിവൈഎസ്പി വി.വി ലതീഷിന്റെ കീഴിലെ ലഹരി വിരുദ്ധസ്‌ക്വാഡും ചേര്‍ന്ന് സാഹസികമായി കീഴടക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരക മയക്കുമരുന്നായ 6 ഗ്രാമോളം എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
പ്രതി സ്ഥിരമായി വന്‍തോതില്‍ എംഡിഎംഎ വില്‍പന നടത്തുന്നയാളാണെന്നും നിരവധി സ്‌കൂള്‍ കുട്ടികള്‍ക്കും യുവാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇയാള്‍ എംഡിഎംഎ വിതരണം ചെയ്യാറുണ്ടെന്നും, നിരവധി ചെറുപ്പക്കാരെ ലഹരിക്ക് അടിമയാക്കി ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തപ്പെട്ടിട്ടുണ്ടെന്നും, ലഹരി വിറ്റ് ഇവര്‍ ആര്‍ഭാട ജീവിതം നയിക്കുകയാണെന്നും നാട്ടുകാര്‍ക്ക് നേരത്തേ പരാതിയുണ്ടായിരുന്നു.
പേരാമ്പ്ര സ്റ്റേഷന്‍ പരിധിയിലും പുറത്തും പിടിക്കപ്പെടുന്ന ഓരോ എംഡിഎംഎ കേസിലെയും പ്രതികള്‍ അഫ്‌നാജ് എന്ന ചിമ്പിയില്‍ നിന്നാണ് എംഡിഎംഎ വാങ്ങുന്നത് എന്ന് പൊലീസിനെ അറിയിച്ചിരുന്നു.
വാടക വീടുകളില്‍ മാറി മാറി താമസിച്ചും മൊബൈല്‍ നമ്പര്‍ മാറ്റിയും ദിവസവും കാറുകള്‍ മാറ്റി ഉപയോഗിച്ചും പൊലീസിനെ കബളിപ്പിക്കുകയായിരുന്നു.
ചെറിയ ഇരുമ്പു ബോക്‌സിലാണ് ഇയാള്‍ സ്ഥിരമായി എംഡിഎംഎ സൂക്ഷിക്കുന്നതെന്നും പൊലീസും എക്‌സൈസും പിടിക്കുന്ന സമയത്ത് ഇയാള്‍ ഇത് ദൂരേയ്ക്ക് വലിച്ചെറിയുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു.
ഒരു വര്‍ഷത്തോളമായി ഇയാളെ നിരീക്ഷിച്ചു വരികയാണെന്നും, പൊലീസിന് സ്ഥിരം തലവേദനയായ നിരവധി ക്രിമിനല്‍ കേസിലും കളവ് കേസിലുമുള്‍പ്പെട്ടയാളാണ് അഫ്‌നാജ് എന്ന ചിമ്പിയെന്നും പൊലീസ് പറഞ്ഞു.
പ്രതികളെ കോടതിയില്‍ ഹാജരാക്കുമെന്നും ലഹരിക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ എടുക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു.
Police arrest major MDMA dealer in Perambra