---
title: "കുഞ്ഞിന്റെ മൃതദേഹം  'പൊക്കിൾക്കൊടി കഴുത്തിലൂടെ ചുറ്റിയ നിലയിൽ ;  പൊതിഞ്ഞത് ചുവന്ന തുണിയിൽ'"
english_title: "The baby's body was found 'with the umbilical cord wrapped around its neck; wrapped in red cloth'"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/255193/the-babys-body-was-found-with-the-umbilical-cord-wrapped-around-its-neck-wrapped-in-red-cloth"
published_at: "2024-12-10T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6757f07d4ccb4_6757da31d94f1_koyilandi.jpg"
keywords: []
---

# കുഞ്ഞിന്റെ മൃതദേഹം  'പൊക്കിൾക്കൊടി കഴുത്തിലൂടെ ചുറ്റിയ നിലയിൽ ;  പൊതിഞ്ഞത് ചുവന്ന തുണിയിൽ'

> **Lead Summary:** കൊയിലാണ്ടി നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു.

## Article Content

കൊയിലാണ്ടി നെല്യാടി പുഴയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പുരോ​ഗമിക്കുന്നു.

പുലർച്ചെ ഒന്നരയോടെ മത്സ്യബന്ധനത്തിന് പോയവരാണ് മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നെന്ന് നാട്ടുകാർ പ്രതികരിച്ചു.

ചുവന്ന തുണിയിൽപ്പൊതിഞ്ഞ് അര ഭാ​ഗം മാത്രം കാണുന്ന നിലയിലായിരുന്നു നവജാതശിശുവിന്റെ മൃതദേഹം കാണപ്പെട്ടതെന്ന് ദൃക്സാക്ഷികൾ പ്രതികരിച്ചു.

മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അടുത്തുചെന്ന് നോക്കിയപ്പോൾ അഴുകിയ ​ഗന്ധം അനുഭവപ്പെട്ടു. ഇക്കാര്യം പോലീസിനെ അറിയിച്ചു. പോലീസും ഫയർ ഫോഴ്സും ചേർന്നാണ് മൃത​ദേഹം കരയ്ക്കടുപ്പിച്ചതെന്നും അവർ പറഞ്ഞത്.

> "മുത്താമ്പി, നടേരി, നെല്യാടി എന്നീ പാലങ്ങൾ സമീപത്തുണ്ട്. മൃതദേഹം ഈ ഭാ​ഗങ്ങളിൽ എവിടെ നിന്നെങ്കിലും ഒഴുകി വന്നതായിരിക്കാം. ഞങ്ങൾ കാണുമ്പോൾ ഇത് പുഴയോട് ചേർന്നുള്ള പുല്ലിൽ തട്ടി നിൽക്കുകയായിരുന്നു.

> ഒഴുകിപ്പോവാതിരിക്കാനുള്ള വഴി നോക്കിയിട്ടാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹത്തിൽനിന്ന് ചെറുതായി ദുർ​ഗന്ധം വമിക്കുന്നുണ്ടായിരുന്നെങ്കിലും അധികം പഴക്കമുള്ളതായി തോന്നിയില്ല." അവർ വിശദീകരിച്ചു.

കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം പുഴയിലെറിഞ്ഞതാകാമെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ ഇത് സ്ഥിരീകരിക്കാനാകൂ. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് പുഴയില്‍ കണ്ടെത്തിയത്.

കൊയിലാണ്ടി എസ്.ഐ. മണിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/255193/the-babys-body-was-found-with-the-umbilical-cord-wrapped-around-its-neck-wrapped-in-red-cloth)