---
title: "പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍"
english_title: "Thiruvallur native arrested for robbery in Perambra"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/252069/thiruvallur-native-arrested-for-robbery-in-perambra"
published_at: "2024-11-27T10:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6746ac3105beb_6746a0c2b914d_death.jpg"
keywords: []
---

# പേരാമ്പ്രയിലെ ഭണ്ഡാര കവര്‍ച്ച: തിരുവള്ളൂര്‍ സ്വദേശി പിടിയില്‍

> **Lead Summary:** പേരാമ്പ്ര: എരവട്ടൂർ ചേനായി റോഡിലെ ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

## Article Content

പേരാമ്പ്ര: എരവട്ടൂർ ചേനായി റോഡിലെ ആയടക്കണ്ടി കുട്ടിച്ചാത്തൻ ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.

തിരുവള്ളൂർ വെള്ളൂക്കര റോഡിലെ മേലാംകണ്ടി മീത്തൽ 'നൈറ്റി' എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന അബ്ദുള്ളയാണ് (29) പിടിയിലായത്.

നവംബർ 19നാണ് എരവട്ടൂരിലെ ക്ഷേത്രത്തിൽ കവർച്ച നടന്നത്. സിസിടിവി ദൃശ്യങ്ങളിൽ പ്രതി നൈറ്റി ധരിച്ച് മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ നിലയിലായിരുന്നു. പേരാമ്പ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് എസ്ഐ ഷമീറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി അബ്ദുള്ളയാണെന്ന് തിരിച്ചറിഞ്ഞത്.

ഇയാളെ കോഴിക്കോട് റൂറൽ എസ്പി നിധിൻ രാജിന്റെ കീഴിലുള്ള സ്ക്വാഡ് പിടികൂടുകയായിരുന്നു. ഇയാളുടെ പേരിൽ നിരവധി കളവു കേസുകൾ ഉള്ളതായി പോലീസ് വെളിപ്പെടുത്തി.

പ്രതിയെ വൈദ്യപരിശോധനയ്ക്കും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പേരാമ്പ്ര പോലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/252069/thiruvallur-native-arrested-for-robbery-in-perambra)