---
title: "മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടി; കോഴിക്കോട് സ്വദേശി യുവാവ് അറസ്റ്റില്‍"
english_title: "A mentally challenged young woman was tortured and robbed of gold and money; A youth from Kozhikode was arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/238230/a-mentally-challenged-young-woman-was-tortured-and-robbed-of-gold-and-money-a-youth-from-kozhikode-was-arrested"
published_at: "2024-09-26T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66f5220843e08_66f518a8d35ba_aa.jpg"
keywords: []
---

# മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച് സ്വര്‍ണവും പണവും തട്ടി; കോഴിക്കോട് സ്വദേശി യുവാവ് അറസ്റ്റില്‍

> **Lead Summary:** മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

## Article Content

മാനസികവെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വര്‍ണവും പണവും കൈക്കലാക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍.

കോഴിക്കോട് ബാലുശ്ശേരി കിനാലൂര്‍ കുന്നത്ത് വീട്ടില്‍ കെ.വി. അഹമ്മദ് നിയാസ് (30) ആണ് അറസ്റ്റിലായത്. വിധവയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ച് 2019 മുതല്‍ വിവിധ കാലയളവില്‍ വൈത്തിരിയിലും കല്പറ്റയിലുമുള്ള ഹോട്ടലുകളില്‍വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി.

കൂടാതെ, രണ്ടുപവന്‍ സ്വര്‍ണവും 25,000 രൂപയും യുവതിയില്‍നിന്ന് കൈക്കലാക്കി. പോലീസ് അന്വേഷണം തുടങ്ങിയതുമുതല്‍ മൊബൈല്‍ സ്വിച്ച് ഓഫാക്കിയും ഓരോ സ്ഥലങ്ങളില്‍ മാറിമാറി സഞ്ചരിച്ചും പ്രതി പോലീസിനെയും ചുറ്റിച്ചു.

ഒടുവില്‍ വൈത്തിരി ഇന്‍സ്‌പെക്ടര്‍ സി.ആര്‍. അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരൂരില്‍വെച്ചാണ് പ്രതിയെ പിടികൂടിയത്.

യുവാവിന്റെ പേരുപോലും കൃത്യമായി അറിയാത്ത സാഹചര്യത്തിലാണ് അന്വേഷണം തുടങ്ങിയത്. എസ്.ഐ. രാംകുമാര്‍, എ.എസ്.ഐ. മുജീബ് റഹ്‌മാന്‍, എസ്.സി.പി.ഒ.മാരായ ഷാലു, പ്രമോദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/238230/a-mentally-challenged-young-woman-was-tortured-and-robbed-of-gold-and-money-a-youth-from-kozhikode-was-arrested)