(www.panoornews.in)കഴിഞ്ഞ നിരവധി വർഷങ്ങളായി തുടർച്ചയായി ഓണച്ചന്ത നടത്തിവരുന്നതും, കണ്ണൂർ ജില്ലയിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നതുമായ സഹകാരി കൺസ്യൂമർ കോ-ഓപ്പറേറ്റീവ് സ്റ്റോറിന് ഈ വർഷം ഓണച്ചന്ത അനുവദിക്കാത്തതിൽ വ്യാപക പ്രതിഷേധം.
ഇതിനായി വിളിച്ചുചേർത്ത യോഗത്തിൽ സംഘം പ്രതിനിധി ഹാജരായി ഒപ്പുവെച്ചെങ്കിലും കൺസ്യൂമർ ഫെഡറേഷൻ സംഘം പ്രതിനിധി ഹാജരായില്ല എന്ന് തെറ്റായ റിപ്പോർട്ട് നൽകി ഓണച്ചന്ത സംഘത്തിന് നിഷേധിക്കുകയാണ് ചെയ്തത്.
നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്യുക എന്ന മുഖ്യ ചുമതല ഏറ്റെടുത്ത് നടത്തുന്ന കൺസ്യൂമർ സ്റ്റോറുകൾക്ക് ഓണച്ചന്ത നൽകാതെ ഓണത്തിന് മാത്രം വ്യാപാരം നടത്തുന്ന സഹകരണ ബേങ്കുകൾക്ക് ഓണ ചന്തകൾ അനുവദിക്കുകയാണ് ചെയ്തത്. ചമ്പാട് പ്രദേശത്തുകാർ ഓണചന്തക്കായി വർഷങ്ങളായി സഹകാരി കൺസ്യൂമർ കോ -ഓപ്പറേറ്റീവ് സ്റ്റോറിനെയാണ് ആശ്രയിക്കാറ്.
ഇത്തവണ സ്റ്റോറിനു കീഴിൽ ഓണചന്തയില്ലാത്തത് പ്രദേശത്തുകാർക്കും ദുരിതമാണ്. പന്ന്യന്നൂർ സർവീസ് സഹകരണ ബാങ്കിനാണ് ഇത്തവണ ഓണചന്ത നടത്താൻ അനുമതി. സഹകരണ സ്റ്റോറുകൾക്ക് നേരെയുള്ള ഈ അവഗണന പരിശോധിച്ച് നടപടി സ്വീകരിക്കണമെന്ന് ഭരണ സമിതി സർക്കാറിനും, ജോ. രജിസ്ട്രാർക്കും പരാതി നൽകി.
ഭരണ സമിതി യോഗത്തിൽ സ്റ്റോർ പ്രസിഡണ്ട് ടി.ഹരിദാസ് അധ്യക്ഷനായി. വൈസ് പ്രസി.ടി.ടി അഷ്കർ, ഡയറക്ടർ മാരായ കെ.ലീല, കെ.ദിജിൻ എന്നിവർ സംസാരിച്ചു.പാർട്ടി യോഗങ്ങളിലും വിഷയം ചർച്ചയായിട്ടുണ്ട്.
Champate Sahkari Consumer Co-operative Store not allowed to sell; protest