(www.panoornews.in) ബാങ്കിൽ പണയം വച്ച ഭാര്യയുടെ സ്വർണമെടുക്കാൻ പണവുമായി ബംഗളൂരുവിൽ നിന്നെത്തിയ യുവാവിനെ കാറിൽ തട്ടിക്കൊണ്ടു പോയി ഒൻപത് ലക്ഷവും, ഫോണും കവർന്ന സംഭവത്തിൽ അന്വേഷണം ബംഗളൂരുവിലേക്കും വ്യാപിപ്പിച്ചു.
ബംഗളൂരുവിൽ നിന്നു ടൂറിസ്റ്റ് ബസിൽ ഏച്ചൂർ കമാൽപീടിക യിൽ വന്നിറങ്ങിയ കുയ്യാൽഅമ്പലറോഡ് സ്വദേശി പി.പി.റഫീഖിനെയാണ് (44) വ്യാഴാഴ്ച പുലർച്ചെ നാലംഗ മുഖം മൂടി സംഘം കാറിൽ തട്ടിക്കൊണ്ടു പോയി മർദിച്ച് പണം കവർന്ന് റോഡരികിൽ ഉപേക്ഷിച്ചത്.
ബംഗളൂരിൽ ബേക്കറി നട ത്തുന്ന റഫീഖ് പണവുമായി നാട്ടിലേക്ക് തിരിച്ച വിവരം അറിയുന്ന ആളുടെ പങ്കാളിത്തത്തോടെയാണ് കൊള്ള നടന്ന തെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. റഫീഖിന്റെ കടയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ചിലരെ സംശയമുണ്ട്.
ഇതിനിടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കുടുക്കി മെട്ട ഭാഗത്ത് നിന്നു വന്ന കറുത്ത കാറിലാണ് അക്രമിസംഘം എത്തിയതെന്ന് സൂചനയുണ്ട്.
ബസിറങ്ങി വീട്ടിലേക്ക് നടന്നു പോകുന്നതിനിടെ റഫീഖിനെ കാറിലെത്തിയ സംഘം ബലമായി കയറ്റി മർദിച്ച ശേഷം പണവും ഫോണും തട്ടിയെടുത്ത് കാപ്പാട് റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു.
റോഡരികിൽ അർദ്ധ ബോധാവസ്ഥയിൽ കണ്ടെത്തിയ റഫീഖിനെ പരിചയക്കാരനായ ഓട്ടോ ഡ്രൈവറാണ് വീട്ടിലെത്തിച്ചത്. തുടർന്ന് വീട്ടുകാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
റഫീഖ് കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പണയം വച്ച സ്വർണം തിരിച്ചെടുക്കാനായി പലരിൽ നിന്നും കടം വാങ്ങിയ പണമാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
Investigation intensified in the case of assaulting a native of Chakkarakal who came from Bangalore and robbing him of 9 lakhs and a phone.