മാഹി:(www.panoornews.in) വീട്ടിലെത്താൻ ഏതാനും ദൂരം ബാക്കിയിരിക്കെയാണ് ന്യൂമാഹി കളത്തിൽ ഹൗസിൽ ഷിജിലിനെ (40) മരണം അപകടത്തിന്റെ രൂപത്തിൽ തട്ടിയെടുത്തത്.
അമേരിക്കയിൽ നിന്നു ഇന്നലെ പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്‌സിയിൽ ന്യൂമാഹിയിലെ വീട്ടിലേക്ക് വരുന്നതിനിടെയാണ് വടകര ദേശീയപാതയിൽ മുക്കാളിയിൽ ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്.
അപകടത്തിൽ ദൂരേക്ക് തെറിച്ചുവീണ ഷിജിലിനെ നാട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. പരേതനായ കുന്നുമ്മൽ രത്നാകരന്റെയും പ്രസന്ന കളത്തിലിന്റെയും മകനാണ്. ഭാര്യ: ശീതൾ. മക്കൾ: പ്രഷിൽ, വിപിൻ. ഷിജിലിനൊപ്പം മരണമടഞ്ഞ ജുബിൻ പാറാൽ (38) കോൺഗ്രസ് കോടിയേരി ബ്ലോക്ക് ജനറൽ സെക്രട്ടറിയാണ്.
യൂത്ത് കോൺഗ്രസ് മുൻ തലശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റും കാർഡ്രൈവറുമായ ജുബിനാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഷിജിലിനെ കൂട്ടി നാട്ടിലേക്ക് തിരിച്ചത്. ഈ യാത്ര ഇരുവരുടേയും അന്ത്യയാത്രയായി. മൃതദേഹം ബുധനാഴ്ച വൈകുന്നേരം പാറാൽ ടൗണിൽ പൊതുദർശനത്തിന് ശേഷം കോമത്ത് വീട്ടുവളപ്പിൽ സംസാരിച്ചു.
ഒരേ ദിശയിലെത്തിയ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്നിരുന്നു.
കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Only minutes to get home; Death of Novai Shijil