---
title: "കോഴിക്കോട് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; വടകര സ്വദേശിയാണെന്ന് സൂചന"
english_title: "A man jumped into the river from Korapuzha bridge in Kozhikode;It is indicated that he is a native of Vadakara"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232364/a-man-jumped-into-the-river-from-korapuzha-bridge-in-kozhikodeit-is-indicated-that-he-is-a-native-of-vadakara"
published_at: "2024-08-31T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d32d67516f3_66d32bfb88b40_korappuzha.jpg"
keywords: []
---

# കോഴിക്കോട് കോരപ്പുഴ പാലത്തില്‍ നിന്നും ഒരാള്‍ പുഴയിലേക്ക് ചാടി; വടകര സ്വദേശിയാണെന്ന് സൂചന

> **Lead Summary:** ** **കൊയിലാണ്ടി കോരപ്പുഴ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

## Article Content

** **കൊയിലാണ്ടി കോരപ്പുഴ പാലത്തിൽ നിന്നും ഒരാൾ പുഴയിൽ ചാടി. ഇന്ന് വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.

ചാടിയത് വടകര സ്വദേശിയാണെന്നാണ് സംശയം. പാലത്തിൽ നിന്നും ചാടിയ ആളുടേതെന്ന് സംശയിക്കുന്ന ബാഗ് ലഭിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇന്ന് വൈകുന്നേരം മൂന്നരയോടെയാണ് കോരപ്പുഴ പാലത്തിൽ നിന്നും ഒരാൾ പുഴയിലേക്ക് ചാടിയത്.

ഇതുവഴി കടന്നുപോയ ഡലിവറി ബോയ് ആണ് പാലത്തിൽ നിന്ന് ഒരാൾ പുഴയിലേക്ക് ചാടുന്നത് കണ്ടതായി വിവരം നൽകിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുരുഷനാണ് ചാടിയത്. ഇയാൾ ഇവിടെ എങ്ങനെയാണ് എത്തിയതെന്ന് വ്യക്തമല്ല.

കോഴിക്കോട് ബീച്ച് ഫയർഫോഴ്‌സും എലത്തൂർ പൊലീസുമാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും സഹായത്തിനുണ്ട്.

ആഴം കൂട്ടുന്നതിന്റെ ഭാഗമായി അടുത്തിടെയായി ട്രഞ്ചിംഗ് നടക്കുന്ന ഭാഗത്താണ് ആൾ ചാടിയതെന്നാണ് വിവരം.

ഏറെ ആഴമുള്ള ഭാഗമാണിതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ശക്തമായ ഒഴുക്കുള്ള സമയമായതിനാൽ ചാടിയ സ്ഥലത്തോ അതിന് തൊട്ടടുത്തുള്ള സ്ഥലത്തോ നിന്ന് ആളെ കിട്ടാൻ സാധ്യത കുറവാണെന്നാണ് പ്രദേശത്തുകാർ പറയുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232364/a-man-jumped-into-the-river-from-korapuzha-bridge-in-kozhikodeit-is-indicated-that-he-is-a-native-of-vadakara)