---
title: "ചമ്പാട്  മേഖലയിൽ വീണ്ടും ചുഴലി ; സ്കൂളിന് മുകളിൽ മരം പൊട്ടിവീണു, പലയിടത്തും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം, വൈദ്യുതി ബന്ധം താറുമാറായി."
english_title: "Cyclone again in Champat region;A tree fell on top of a school, trees fell on top of houses and damage was done in many places, electricity connection was disrupted."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/232007/cyclone-again-in-champat-regiona-tree-fell-on-top-of-a-school-trees-fell-on-top-of-houses-and-damage-was-done-in-many-places-electricity-connection-was-disrupted"
published_at: "2024-08-29T18:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66d073503d85d_Untitled-1_copy.jpg"
keywords: []
---

# ചമ്പാട്  മേഖലയിൽ വീണ്ടും ചുഴലി ; സ്കൂളിന് മുകളിൽ മരം പൊട്ടിവീണു, പലയിടത്തും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം, വൈദ്യുതി ബന്ധം താറുമാറായി.

> **Lead Summary:** ***ചമ്പാട്:*** താഴെ ചമ്പാട് യു.പി നഗർ, ഓരാങ്കൂൽ പള്ളി പരിസരം എന്നിവിടങ്ങളിലാണ് ഉച്ചക്ക് 3.30ഓടെ ചുഴലി വീശിയത്. സെക്കൻ്റുകളെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വ്യാപക നാശനഷ്ടമാണുണ്ടായത്.

## Article Content

***ചമ്പാട്:*** താഴെ ചമ്പാട് യു.പി നഗർ, ഓരാങ്കൂൽ പള്ളി പരിസരം എന്നിവിടങ്ങളിലാണ് ഉച്ചക്ക് 3.30ഓടെ ചുഴലി വീശിയത്. സെക്കൻ്റുകളെ ഉണ്ടായിരുന്നുള്ളൂ എങ്കിലും വ്യാപക നാശനഷ്ടമാണുണ്ടായത്.

നിരവധി മരങ്ങൾ കടപുഴകി വീണു. പലയിടത്തും മരം വീണ് ഇലക്ട്രിക്ക് പോസ്റ്റുകളും തകർന്നു. ചമ്പാട് ഒരാങ്കൂൽ പള്ളിക്ക് മുൻവശത്തെ ഇലക്ട്രിക്ക് പോസ്റ്റ് 100 മീറ്ററോളം ദൂരത്തുള്ള കൂറ്റൻ മാവിൻ്റെ ശിഖിരം പൊട്ടിവീണ് തകർന്നു. പള്ളിയുടെ ഗേറ്റിനും കേടുപാടുകൾ ഉണ്ടായി.

ഈ ഭാഗത്ത് പറമ്പുകളിലെ മരങ്ങൾ വ്യാപകമായി പൊട്ടിവീണിട്ടുണ്ട്. സമീപത്തെ രാരോത്ത് അഷ്റഫ് വീടിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടമുണ്ടായി. സമീപത്തെ തേക്കും വീടിന് മുകളിലേക്ക് പതിച്ചു.

ഇല്ലത്താൻ സാകേതത്തിൽ ഇ.സഹദേവൻ്റെ വീടിന് മുകളിൽ കൂറ്റൻ മാവും, കവുങ്ങും കടപുഴകി വീണും നാശനഷ്ടമുണ്ടായി. യുപി നഗറിൽ സാഹിത്യകാരൻ പ്രേമാനന്ദ് ചമ്പാട്, പുത്തൻപുരയിൽ ജയൻ, കുന്നുമ്മൽ ബാലൻ, കാട്ടിൽ പുരയിൽ സുമേഷ്, സുബൈദ മൻസിലിൽ സുബൈദ എന്നിവരുടെ വീട്ടുപറമ്പിലെ തെങ്ങുൾപ്പടെ മരങ്ങൾ പൊട്ടിവീണു. പലതും ഇലക്ട്രിക്ക് ലൈനുകളിലേക്കാണ് പതിച്ചത്.

പൊടിക്കളം എൽ പി സ്കൂളിൽ നെല്ലിമരത്തിൻ്റെ ശാഖ പൊട്ടിവീണ് ഓടിട്ട മേൽക്കൂരക്ക് കേടുപാടുണ്ടായി. സ്കൂളിൽ കുട്ടികൾ ഉള്ളപ്പോഴായിരുന്നു അപകടമെങ്കിലും ആർക്കും പരിക്കേറ്റില്ല. നാശനഷ്ടമുണ്ടായ സ്ഥലങ്ങൾ പഞ്ചായത്ത് പ്രസി.സി.കെ അശോകൻ, പാനൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ.പി ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/232007/cyclone-again-in-champat-regiona-tree-fell-on-top-of-a-school-trees-fell-on-top-of-houses-and-damage-was-done-in-many-places-electricity-connection-was-disrupted)