---
title: "കാമുകനൊപ്പം ജീവിക്കാൻ മൂന്നു വയസുള്ള മകളെ കഴുത്തറുത്തു കൊന്ന് യുവതി, അറസ്റ്റ്"
english_title: "Woman arrested for slitting her three-year-old daughter's throat to live with her boyfriend"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/231693/woman-arrested-for-slitting-her-three-year-old-daughters-throat-to-live-with-her-boyfriend"
published_at: "2024-08-28T11:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66cebe3a684c6_66ceb3e787043_crime.jpg"
keywords: []
---

# കാമുകനൊപ്പം ജീവിക്കാൻ മൂന്നു വയസുള്ള മകളെ കഴുത്തറുത്തു കൊന്ന് യുവതി, അറസ്റ്റ്

> **Lead Summary:** ** **കാമുകനൊപ്പം ജീവിക്കാൻ മകളെ കഴുത്തറുത്ത് കൊന്ന് യുവതി. മൂന്നു വയസുള്ള കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കാട്ടിൽതള്ളിയത്. ബിഹാറിലെ മുസഫർപൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

## Article Content

** **കാമുകനൊപ്പം ജീവിക്കാൻ മകളെ കഴുത്തറുത്ത് കൊന്ന് യുവതി. മൂന്നു വയസുള്ള കുഞ്ഞിനെയാണ് അമ്മ ക്രൂരമായി കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി കാട്ടിൽതള്ളിയത്. ബിഹാറിലെ മുസഫർപൂരിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. 25കാരിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

മുസഫർപൂരിലെ മിനാപൂരിൽ കഴിഞ്ഞ ശനിയാഴ്ചയാണു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രദേശത്തെ കാട്ടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ട്രോളിബാഗ് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയത്.

ഉടൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരം പുറംലോകമറിഞ്ഞതിനു പിന്നാലെ മുസഫർപൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

തുടർന്നു നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ വീട്ടിൽ തന്നെ കഴിയുന്ന കാജൽ എന്ന യുവതി കുറ്റം സമ്മതിച്ചത്.കുട്ടിയെ കത്തി കൊണ്ട് കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. തുടർന്ന് ശരീരം വെട്ടിനുറുക്കി ട്രോളി ബാഗിലാക്കി അടുത്തുള്ള കാട്ടിൽ തള്ളുകയായിരുന്നു.

യുവതിയുടെ ഭർതൃവീട്ടിലെത്തി അന്വേഷണസംഘം നടത്തിയ പരിശോധനയിൽ നിലത്തും ടെറസിലും സിങ്കിലുമെല്ലാം രക്തത്തിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. ഭർത്താവിനെ ഉപേക്ഷിച്ചു കാമുകനായ മനോജ് കുമാറിനൊപ്പം പോകാൻ വേണ്ടിയാണു കൃത്യം ചെയ്തതെന്നാണു യുവതി പൊലീസിനു മൊഴിനൽകിയത്.

മകളെയും ഒപ്പം കൂട്ടാൻ ആഗ്രഹിച്ചെങ്കിലും കുട്ടിയെ സ്വീകരിക്കാൻ മനോജ് ഒരുക്കമല്ലായിരുന്നു. ഒറ്റയ്ക്കു വരണമെന്നാണ് ആവശ്യപ്പെട്ടത്. അങ്ങനെയാണ് ജനപ്രിയ ടെലിവിഷൻ ക്രൈം സീരീസായ 'ക്രൈം പട്രോൾ' മോഡലിൽ കുട്ടിയെ വകവരുത്തിയതെന്ന് യുവതി വെളിപ്പെടുത്തി.

യുവതി ഒറ്റയ്ക്കാണു കൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. കൊലയിൽ കാമുകനു പങ്കുള്ളതിനു തെളിവൊന്നും ലഭിക്കാത്തതിനാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാൽ, ഇയാളെ ചോദ്യംചെയ്യുമെന്ന് പൊലീസ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/231693/woman-arrested-for-slitting-her-three-year-old-daughters-throat-to-live-with-her-boyfriend)