---
title: "മറ്റൊരു ചൂരൽമലയാക്കരുത് ; നരിക്കോട് മലയും, വാഴമലയും സംരക്ഷിക്കപ്പെടണമെന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ പ്രമേയം"
english_title: "Don't make it another cane;Thriprangotur Panchayat Welfare Standing Committee Chairman's Resolution that Narikod Hill and Vazhamala should be protected"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/228849/dont-make-it-another-canethriprangotur-panchayat-welfare-standing-committee-chairmans-resolution-that-narikod-hill-and-vazhamala-should-be-protected"
published_at: "2024-08-16T22:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bf860463590_Untitled-3_copy.jpg"
keywords: []
---

# മറ്റൊരു ചൂരൽമലയാക്കരുത് ; നരിക്കോട് മലയും, വാഴമലയും സംരക്ഷിക്കപ്പെടണമെന്ന് തൃപ്രങ്ങോട്ടൂർ പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ്റെ പ്രമേയം

> **Lead Summary:** ** പാനൂർ ** നരിക്കോട് മലയിലെയും, വാഴമലയിലെയും അനിയന്ത്രിത ചെങ്കൽ, കരിങ്കൽ ഖനനത്തിനെതിരെ ശബ്ദമുയർത്തി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ വിലങ്ങാട് പ്രദേശങ്ങളിലെ അനുഭവം ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടി വേണമെന്നാണ് ഇദ്ദേഹം ആവശ്യപെടുന്നത്.

## Article Content

** പാനൂർ ** നരിക്കോട് മലയിലെയും, വാഴമലയിലെയും അനിയന്ത്രിത ചെങ്കൽ, കരിങ്കൽ ഖനനത്തിനെതിരെ ശബ്ദമുയർത്തി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൊയമ്പ്രത്ത് ഇസ്മയിൽ മാസ്റ്റർ. വയനാട് ജില്ലയിലെ ചൂരൽമല, മുണ്ടക്കൈ വിലങ്ങാട് പ്രദേശങ്ങളിലെ അനുഭവം ഉണ്ടാകാതിരിക്കാൻ ശക്തമായ നടപടി വേണമെന്നാണ് ഇദ്ദേഹം ആവശ്യപെടുന്നത്.

ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പ്രമേയം ഇസ്മയിൽ മാസ്റ്റർ പ്രമേയം അവതരിപ്പിക്കുകയും ചെയ്തു. പതിറ്റാണ്ടുകളായി അനിയന്ത്രിതമായി പ്രകൃതിയെ ചൂഷണം ചെയ്യുക വഴി ഉരുൾ പൊട്ടൽ ഭീഷണിയിലാണ് വാഴമലയും നരിക്കോട് മലയുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിച്ചാൽ അതിൻ്റെ ദുരന്ത വ്യാപ്തി നമ്മൾ ഇപ്പഴേ ചിന്തിച്ചു തുടങ്ങണം. പെരിങ്ങത്തൂർ, കല്ലിക്കണ്ടി, ടൗണുകൾ ഇല്ലാതാകും. പാറാട്, കടവത്തൂർ മേഖലയെ സാരമായി ബാധിക്കും. ഇക്കാര്യം എല്ലാവർക്കുമറിയാമെങ്കിലും ആരും മിണ്ടുന്നില്ല. ഇക്കാര്യത്തിൽ കലക്ടറും സർക്കാരും അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപെട്ടു.

സർക്കാർ ഒരു വിദഗ്ദ സമിതിയെ നിയോഗിച്ചു കൊണ്ട് നരിക്കോട്ട് മലയിലെയും, വാഴമല യിലെയും നിലവിലെ അവസ്ഥയെ കുറിച്ച് പഠനം നടത്തിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

വർദ്ധിച്ചു വരുന്ന കരിങ്കൽ ക്വാറികളെ നിയന്ത്രിക്കണമെന്നും , നരിക്കോട്ട് മല മറ്റൊരു ചൂരൽമല ആകാതിരിക്കാനുള്ള അടിയന്തര പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും പ്രമേയത്തിൽ ഇസ്മയിൽ മാസ്റ്റർ ആവശ്യപ്പെട്ടു. നരിക്കാട്ട്മലയെ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭരണസമിതി യോഗത്തിൽ പ്രസിഡണ്ട് വി.കെ തങ്കമണി അധ്യക്ഷയായി. വൈസ് പ്രസിഡണ്ട് നല്ലൂർ ഇസ്മായിൽ മാസ്റ്റർ, സ്ഥിരം സമിതി അധ്യക്ഷന്മാരായ സക്കീന തെക്കയിൽ, കെ.പി.ഷമീന , അംഗങ്ങളായ ശങ്കരൻ മാസ്റ്റർ, വി.പി.സുരേന്ദ്രൻ മാസ്റ്റർ, എ.പി. നാണു പഞ്ചായത്ത് സെക്രട്ടറി വി.വി പ്രസാദ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

രാഷ്ട്രീയ എതിർപ്പുകൾ ഒന്നുമില്ലാതെ പ്രമേയം ഐക്യകണ്ഠേന അംഗീകരിച്ചതായി ഭരണ സമിതി അംഗങ്ങൾ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/228849/dont-make-it-another-canethriprangotur-panchayat-welfare-standing-committee-chairmans-resolution-that-narikod-hill-and-vazhamala-should-be-protected)