(www.panoornews.in)ഉരുളിൽ ജീവിതം തലകീഴ്മറിഞ്ഞ ജനതയെ ചേർത്തുപിടിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണത്തിൽനിന്നും അത്ഭുതകരമായി രക്ഷപ്പെട്ടവരോടു വിവരങ്ങൾ ചോദിച്ചറിഞ്ഞും കുട്ടികളെ താലോലിച്ചും പ്രധാനമന്ത്രി കരുത്തു പകർന്നു.
എല്ലാം തകർന്നു ജീവിതം മാത്രം ബാക്കിയായവർക്കു പ്രധാനമന്ത്രിയുടെ സന്ദർശനം വലിയ ആത്മവിശ്വാസം നൽകി. 10 മണിക്കൂർ മരണത്തോടു മല്ലടിച്ചു ചെളിയിൽ കിടന്ന അരുൺ, അനിൽ, കുടുംബത്തിലെ എല്ലാവരും നഷ്ടപ്പെട്ട് അനാഥയായ പെൺകുട്ടി അവന്തിക എന്നിവരെയെല്ലാം മോദി സന്ദർശിച്ചു സമാശ്വസിപ്പിച്ചു.
ദുരിതാശ്വാസ ക്യാംപിൽ കഴിയുന്നവരെയും അദ്ദേഹം സന്ദർശിച്ചു. മോദിയോടു കാര്യങ്ങൾ വിശദീകരിക്കുന്നതിനിടെ പലരുടേയും വാക്കുകൾ ഇടറി, വിതുമ്പി. അവരെയും ചേർത്തുപിടിച്ച് അദ്ദേഹം സമാശ്വസിപ്പിച്ചു. തുടർന്ന് മൂന്നേമുക്കാലോടെ അദ്ദേഹം മേപ്പാടിയിൽ നിന്നു മടങ്ങി.
ഉരുൾപൊട്ടലിൽ തകർന്നടിഞ്ഞ ചൂരൽമല നടന്നുകണ്ടശേഷമാണു നരേന്ദ്ര മോദി ആശുപത്രിയും ക്യാംപും സന്ദർശിച്ചത്. കൽപറ്റയിൽനിന്ന് റോഡ് മാർഗമാണ് പ്രധാനമന്ത്രി ചൂരൽമലയിലെത്തിയത്. വെള്ളാർമല സ്കൂളിന്റെ പുറകുവശത്തെ തകർന്ന റോഡിലൂടെയാണ് അദ്ദേഹം നടന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ ഒപ്പമുണ്ടായിരുന്നു.
ചീഫ് സെക്രട്ടറി വി.വേണു, ജില്ലാ കലക്ടർ ഡി.ആർ.മേഘശ്രീ, എഡിജിപി എം.ആർ.അജിത് കുമാർ എന്നിവർ പ്രധാനമന്ത്രിയെ വിവരങ്ങൾ ധരിപ്പിച്ചു. അതിനുശേഷം അദ്ദേഹം ഇതേ വഴി തന്നെ തിരിച്ചെത്തിയശേഷം ബെയ്‌ലി പാലത്തിലൂടെ നടന്നും നിരീക്ഷണം നടത്തി.
ഉന്നത ഉദ്യോഗസ്ഥർ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് വിശദീകരിച്ചു. കണ്ണൂരിൽ വിമാനമിറങ്ങിയ നരേന്ദ്ര മോദി ഹെലികോപ്റ്ററിലാണ് വയനാട്ടിലേക്ക് എത്തിയത്.
ആദ്യം ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിൽ വ്യോമനിരീക്ഷണം നടത്തിയശേഷം കൽപറ്റയിൽ ഹെലികോപ്റ്റർ ഇറങ്ങി. തുടർന്ന് റോഡ് മാർഗം ചൂരൽമലയിലേക്കു പോകുകയായിരുന്നു. വാനനിരീക്ഷണം നടത്തിയശേഷം ദുരന്തഭൂമി നടന്നു കാണുകയും ചെയ്തു
Everything is broken, only life is left;Prime Minister's visit to Wayanad by giving strength and patting children