---
title: "ചൊക്ലിയിൽ കല്യാണ ആഘോഷത്തിനിടെ  കാറില്‍ അഭ്യാസം ; 18 പേർ അറസ്റ്റിൽ,  6 പേരുടെ ലൈസൻസ് പോയി, വാഹനങ്ങൾ  പതിയെ തരാമെന്ന് കോടതി"
english_title: "Practicing in the car during the wedding celebration in Chokli;18 people arrested, license of 6 lost, court to give vehicles slowly"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226581/practicing-in-the-car-during-the-wedding-celebration-in-chokli18-people-arrested-license-of-6-lost-court-to-give-vehicles-slowly"
published_at: "2024-08-08T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b478cfdfe87_66b471053cb63_car.jpg"
keywords: []
---

# ചൊക്ലിയിൽ കല്യാണ ആഘോഷത്തിനിടെ  കാറില്‍ അഭ്യാസം ; 18 പേർ അറസ്റ്റിൽ,  6 പേരുടെ ലൈസൻസ് പോയി, വാഹനങ്ങൾ  പതിയെ തരാമെന്ന് കോടതി

> **Lead Summary:** **ചൊക്ലി: ** ചൊക്ലിയിൽ വിവാഹഘോഷയാത്രയില്‍ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജു അറസ്റ്റ് ചെയ്തു.

## Article Content

**ചൊക്ലി: ** ചൊക്ലിയിൽ വിവാഹഘോഷയാത്രയില്‍ വാഹനങ്ങളില്‍ അപകടമുണ്ടാക്കുംവിധം സുരക്ഷിതമല്ലാതെ യാത്രചെയ്തതിന് 18 യുവാക്കളെ ചൊക്ലി പോലീസ് സബ് ഇൻസ്പെക്ടർ ആർ.എസ്. രഞ്ജു അറസ്റ്റ് ചെയ്തു.

വാഹനമോടിച്ച ആറുപേരുടെ ലൈസൻസ് റദ്ദ് ചെയ്യാനും നടപടി തുടങ്ങി. വിവാഹത്തില്‍ വരനെ അനുഗമിച്ച വാഹനങ്ങളുടെ വാതിലില്‍ കയറിനിന്നും ഡിക്കിയില്‍ ഇരുന്നും അപകടകരമായി യാത്ര ചെയ്തവരെയാണ് ഒളവിലം മത്തിപ്പറമ്പില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.

ജൂലായ് 24-ന് വൈകീട്ടോടെ നടന്ന സംഭവത്തില്‍ ദിവസങ്ങള്‍ നീണ്ട സമഗ്ര അന്വേഷണത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വിവിധ ആഡംബര കാറുകള്‍ ഓടിച്ച കരിയാട് പുളിയനമ്പ്രത്തെ കുഞ്ഞിപ്പറമ്പത്ത് എം.കെ.മുഹമ്മദ് ഷബിൻ ഷാൻ (19), ആലോള്ളതില്‍ എ. മുഹമ്മദ് സിനാൻ (19), മീത്തല്‍ മഞ്ചീക്കര വീട്ടില്‍ മുഹമ്മദ് ഷഫീൻ (19), പോക്കറാട്ടില്‍ ലിഹാൻ മുനീർ (20), കാര്യാട്ട് മീത്തല്‍ പി. മുഹമ്മദ് റാസി (19), കണിയാങ്കണ്ടിയില്‍ കെ.കെ. മുഹമ്മദ് അർഷാദ് (19) തുടങ്ങിയവർക്കെതിരേയാണ് ചൊക്ലി പോലീസ് വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിന് തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഓഗസ്റ്റ് 14 വരെ ഹർജി പരിഗണിക്കില്ലെന്നാണ് മജിസ്ട്രേറ്റ് വ്യക്തമാക്കിയതെന്ന് പോലീസ് അറിയിച്ചു. ഹെല്‍മറ്റ് ധരിക്കാതെ പുറംതിരിഞ്ഞ് യാത്ര ചെയ്യുകയായിരുന്ന സ്കൂട്ടർ യാത്രക്കാരെ പോലീസ് അന്വേഷിച്ചുവരികയാണ്.

മറ്റൊരു സംഭവത്തില്‍ വിവാഹ പാർട്ടിയുടെ വീഡിയോ ചിത്രീകരണത്തിനായി കാറിന്റെ ഡിക്കിയിലിരുന്ന് യാത്ര ചെയ്തതിന് ക്യാമറാമാൻ കുറ്റ്യാടിയിലെ പറമ്പത്ത് ഹൗസില്‍ മുഹമ്മദ് ആദില്‍ (22), കാറോടിച്ചിരുന്ന ചൊക്ലി സി.പി. റോഡിലെ ജാസ് വില്ലയില്‍ ഇർഫാൻ ഹബീബ് (32) എന്നിവർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

ഓഗസ്റ്റ് നാലിന് വൈകീട്ട് ആറിന് മേക്കുന്ന് കൊളായിയിലാണ് സംഭവം. ഹബീബിന്റെ മാതൃസഹോദരിയുടേതാണ് ഈ കാർ. റോഡപകടങ്ങള്‍ വർധിച്ചു വരുന്ന സാഹചര്യത്തില്‍ അപകടകരമായ വാഹനയാത്രയ്ക്കെതിരേ കർശന നടപടിയെടുക്കാൻ തലശ്ശേരി അസി. പോലീസ് സൂപ്രണ്ട് നിർദേശിച്ചതിനെത്തുടർന്നാണ് ക്യാമറകള്‍ പരിശോധിച്ച്‌ ചൊക്ലി പോലീസ് നടപടി തുടങ്ങിയത്.

സീനിയർ പോലീസ് ഓഫീസർ കെ. സനില്‍കുമാർ, സി.വി. വിജിൻ, നിമിഷ നാരായണൻ, കെ. അനിഷ, ടി.എൻ. സ രോണ്‍ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226581/practicing-in-the-car-during-the-wedding-celebration-in-chokli18-people-arrested-license-of-6-lost-court-to-give-vehicles-slowly)