---
title: "ചമ്പാട്ടെ അവന്തിക വരച്ച      'അതിജീവന  ചിത്രം' മാഹി എംഎംസിക്ക് സ്വന്തം ; ലഭിച്ച തുക ചോതാവൂർ ഹയർ സെക്കൻ്ററിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി"
english_title: "Champate Avantika's 'Survival Picture' is owned by Mahi MMC;The amount received was given to Wayanad Relief Fund of Chotavur Higher Secondary"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/226157/champate-avantikas-survival-picture-is-owned-by-mahi-mmcthe-amount-received-was-given-to-wayanad-relief-fund-of-chotavur-higher-secondary"
published_at: "2024-08-06T21:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66b2444c8a7ee_Untitled-2_copy.jpg"
keywords: []
---

# ചമ്പാട്ടെ അവന്തിക വരച്ച      'അതിജീവന  ചിത്രം' മാഹി എംഎംസിക്ക് സ്വന്തം ; ലഭിച്ച തുക ചോതാവൂർ ഹയർ സെക്കൻ്ററിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് നൽകി

> **Lead Summary:** **പാനൂർ : ** വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നിൽ പെട്ടുപോയ അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും അവസ്ഥക്ക് ചിത്രഭാഷ്യമൊരുക്കിയ എട്ടാം ക്ലാസുകാരിയുടെ ചിത്രം മാഹി മെഡിക്കൽ സെൻ്റർ ഏറ്റുവാങ്ങി.

## Article Content

**പാനൂർ : ** വയനാട്ടിലെ ഉരുൾപൊട്ടലിൽ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൊമ്പനാനയുടെ മുന്നിൽ പെട്ടുപോയ അമ്മൂമ്മയുടെയും പേരക്കുട്ടിയുടെയും അവസ്ഥക്ക് ചിത്രഭാഷ്യമൊരുക്കിയ എട്ടാം ക്ലാസുകാരിയുടെ ചിത്രം മാഹി മെഡിക്കൽ സെൻ്റർ ഏറ്റുവാങ്ങി.

ചമ്പാട് ചോതാവൂർ ഹയർ സെക്കൻ്ററി സ്കൂളിലെ വിദ്യാർത്ഥിനി അവന്തികയാണ് വയനാട് ചൂരൽമലയിലെ സുജാതയുടെ ജീവിതാനുഭത്തിന് ചിത്രഭാഷ്യമൊരുക്കിയത്.

ചിത്രം ആരെങ്കിലും വാങ്ങിക്കുകയാണെങ്കിൽ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുമെന്നും അവന്തിക പറഞ്ഞിരുന്നു. ഇക്കാര്യം ട്രൂ വിഷൻ അടക്കമുള്ള മാധ്യമങ്ങളിലൂടെ വാർത്തയായതിനെ തുടർന്നാണ് മാഹി മെഡിക്കൽ സെൻ്റർ ചിത്രം വാങ്ങിക്കാനായി തയ്യാറായത്.

മാഹി മെഡിക്കൽ സെൻ്റർ (എം.എം. സി ) അഡ്മിനിസ്ട്രേറ്റർ സോമൻ പന്തക്കൽ, ഓപ്പറേഷൻ മാനേജർ മുഹമ്മദ് മുനീർ എന്നിവർ ചേർന്ന് ചൊവ്വാഴ്ച സ്കൂളിലെത്തി ചിത്രം ഏറ്റുവാങ്ങി.

ചിത്രത്തിൻ്റെ തുകയായി ലഭിച്ച 5,000 രൂപ അവന്തിക സ്കൂളിൻ്റെ നേതൃത്വത്തിൽ സമാഹരിക്കുന്ന വയനാട് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. പന്ന്യന്നൂർ പഞ്ചായത്ത്‌ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ. മണിലാൽ, പിടിഎ പ്രസിഡന്റ് നസീർ ഇടവലത്ത്, പ്രധാനധ്യാപകൻ കെ.പി ജയരാജൻ, സ്കൂൾ മാനേജർ കലേഷ് എന്നിവരും വിദ്യാർത്ഥികളും ചടങ്ങിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/226157/champate-avantikas-survival-picture-is-owned-by-mahi-mmcthe-amount-received-was-given-to-wayanad-relief-fund-of-chotavur-higher-secondary)