---
title: "പ്രിയപ്പെട്ടവര്‍ക്ക് വിടചൊല്ലി ബന്ധുക്കള്‍; കണ്ണീര്‍പ്പുഴയായി മേപ്പാടി പൊതുശ്മശാനം"
english_title: "Relatives bid farewell to loved ones;Meppadi public crematorium with tears in its eyes"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224352/relatives-bid-farewell-to-loved-onesmeppadi-public-crematorium-with-tears-in-its-eyes"
published_at: "2024-07-31T13:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9e992b2571_66a9e78cd0f8a_kalpetta.jpg"
keywords: []
---

# പ്രിയപ്പെട്ടവര്‍ക്ക് വിടചൊല്ലി ബന്ധുക്കള്‍; കണ്ണീര്‍പ്പുഴയായി മേപ്പാടി പൊതുശ്മശാനം

> **Lead Summary:** **കൽപ്പറ്റ: **ഉരുൾ കവർന്ന ജീവിതങ്ങൾ അന്ത്യയാത്ര പറയുമ്പോൾ മേപ്പാടിയിലെ പൊതുശ്മശാനം കണ്ണീർ പുഴയായി. ഉറ്റവരോടും പ്രിയപ്പെട്ടവരോടും യാത്ര പറയാതെ അവർ വിട പറയുമ്പോൾ ഹൃദയം മുറിയുന്ന വേദനമാത്രം ചുറ്റും അവശേഷിക്കുന്നു.

## Article Content

**കൽപ്പറ്റ: **ഉരുൾ കവർന്ന ജീവിതങ്ങൾ അന്ത്യയാത്ര പറയുമ്പോൾ മേപ്പാടിയിലെ പൊതുശ്മശാനം കണ്ണീർ പുഴയായി. ഉറ്റവരോടും പ്രിയപ്പെട്ടവരോടും യാത്ര പറയാതെ അവർ വിട പറയുമ്പോൾ ഹൃദയം മുറിയുന്ന വേദനമാത്രം ചുറ്റും അവശേഷിക്കുന്നു.

കണ്ട സ്വപ്നങ്ങളും ഒരു മനുഷ്യായുസിലെ സമ്പാദ്യങ്ങളും ഒരു രാത്രി ഇരുട്ടിവെളുക്കുമ്പോൾ അവസാനിക്കുമെന്ന് ആരും കരുതിയില്ല.

ദുരന്തം കവർന്ന പ്രിയപ്പെട്ടവരെ ഓർത്തുയർന്ന നിലവിളിയിൽ മേപ്പാടി പൊതുശ്മശാനം വിറങ്ങലിച്ചു. ചൊവ്വാഴ്ച രാത്രി 7 മുതൽ ബുധനാഴ്ച പുലർച്ചെ 3 വരെ 15 മൃതശരീരങ്ങളാണ് ശ്മാശനത്തിൽ സംസ്കരിച്ചത്. രാവിലെ 7 മുതൽ വീണ്ടും മൃതദേഹങ്ങൾ സംസ്കരിച്ചു തുടങ്ങി.

സംഹാരതാണ്ഡവമാടിയ ഉരുൾ കാട്ടിയ ക്രൂരതയിൽ ശരീര ഭാ​ഗങ്ങൾ നഷ്ടപ്പെട്ട നിരവധി മൃതദേഹങ്ങളുമുണ്ടായിരുന്നു. മുഖം പോലും കാണാൻ പറ്റാത്ത ഒട്ടനവധി മൃതദേഹങ്ങൾ കണ്ണീർ നൊമ്പരമായി. സന്നദ്ധ പ്രവർത്തകരടക്കമുള്ളവരാണ് സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്.

ഹൃദയം മുറിയുന്ന കാഴ്ചകളും വേദനയുടെ നിലവിളി ശബ്ദങ്ങളും ഉയരുന്ന ദുരന്തഭൂമിയും, ആശുപത്രി വരാന്തകളും പൊതു ശ്മശാനവും ളള്ളുലക്കുന്നു.

വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ ഉരുൾപൊട്ടലിൽ 123 മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 75 പേരെ തിരിച്ചറിഞ്ഞു.

മരിച്ചവരിൽ 91 പേരുടെ മൃതദേഹങ്ങൾ മേപ്പാടി കുടുംബരോഗ്യ കേന്ദ്രത്തിലും 32 മൃതദേഹങ്ങൾ നിലമ്പൂർ ഗവ. ആശുപത്രിയിലുമായിരുന്നു. 123 പേരുടെയും പോസ്റ്റ്മോർട്ടം പൂർത്തിയായി. മലപ്പുറത്ത് നിന്നുള്ള മൃതദേഹങ്ങൾ വയനാട്ടിൽ എത്തിച്ചശേഷം എല്ലാ മൃതദേഹങ്ങളും മേപ്പാടിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224352/relatives-bid-farewell-to-loved-onesmeppadi-public-crematorium-with-tears-in-its-eyes)