---
title: "കൊറിയർ നൽകാനെന്ന വ്യാജേനെ വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചത് വനിത ഡോക്ടർ"
english_title: "A woman doctor shot a woman in Vanjiyur on the pretense of delivering a courier"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/224320/a-woman-doctor-shot-a-woman-in-vanjiyur-on-the-pretense-of-delivering-a-courier"
published_at: "2024-07-31T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a9d7b094b1f_Untitled-6_copy.jpg"
keywords: []
---

# കൊറിയർ നൽകാനെന്ന വ്യാജേനെ വഞ്ചിയൂരില്‍ യുവതിയെ വെടിവച്ചത് വനിത ഡോക്ടർ

> **Lead Summary:** തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേനെ വഞ്ചിയൂരിരിലെ വീട്ടിലെത്തി യുവതിയെ വെടിവച്ചത് വനിത ഡോക്ടർ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

## Article Content

തിരുവനന്തപുരം: കൊറിയർ നൽകാനെന്ന വ്യാജേനെ വഞ്ചിയൂരിരിലെ വീട്ടിലെത്തി യുവതിയെ വെടിവച്ചത് വനിത ഡോക്ടർ. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ ദീപ്തിയാണ് പിടിയിലായത്. കൊല്ലത്തെ ആശുപത്രിയില്‍നിന്ന് ഇവരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വെടിയേറ്റ ഷിനിയോടുള്ള വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായതെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു. ഇവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. എയർ ഗൺ ഉപയോഗിച്ചാണ് ഷിനിയെ വെടിവച്ചത്.

വഞ്ചിയൂര്‍ ചെമ്പകശ്ശേരി സ്വദേശിനിയായ ഷിനിയെ വീട്ടിലെത്തി എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെക്കുകയായിരുന്നു. ഷിനിക്ക് പാഴ്‌സല്‍ നല്‍കാനെന്ന വ്യാജേനയാണ് ദീപ്തിയെത്തിയത്. കൈയില്‍ കരുതിയിരുന്ന എയര്‍ഗണ്‍ ഉപയോഗിച്ച് മൂന്ന് തവണയാണ് വെടിയുതിര്‍ത്തത്.

ഇത് തടയാന്‍ ശ്രമിക്കവെയാണ് ഷിനിയുടെ കൈവെള്ളയില്‍ വെടിയേറ്റത്. ഷിനിയുടെ കൈവിരലിലാണ് പെല്ലറ്റ് തുളഞ്ഞുകയറിയത്. തലയും മുഖവും മറച്ചാണ് പ്രതി വീട്ടുമുറ്റത്തേക്ക് കടന്നതും അക്രമം നടത്തിയതും. അതിനാല്‍ വീട്ടിലുള്ളവര്‍ക്കും പ്രതിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല.

നിരീക്ഷണ ക്യാമറയില്‍ നിന്നു ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്നാല്‍ കൃത്യം നടത്താന്‍ എന്താണു കാരണമെന്നു പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.

പ്രതിയായ സ്ത്രീ ഒറ്റയ്ക്കാണോ കൃത്യം നടത്തിയതെന്നും ആരൊക്കെ സഹായിച്ചുവെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. സാമ്പത്തിക പ്രശ്നങ്ങളാണോ കുടുംബപരമായ പ്രശ്നങ്ങളാണോ വെടിവയ്പിനു കാരണമെന്നും പൊലീസ് അനേഷിക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/224320/a-woman-doctor-shot-a-woman-in-vanjiyur-on-the-pretense-of-delivering-a-courier)