---
title: "റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് കൂടി പങ്ക് വച്ചതോടെ 18 കോടിയോളം ലാഭമുണ്ടാക്കാനായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ; പുതുക്കി പണിത കൂത്തുപറമ്പ് ഐബി നാടിന് സമർപ്പിച്ചു"
english_title: "PA Muhammad Riaz, Minister of Public Works Department, said that by sharing the rust houses with the public, a profit of 18 crores was made"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/222895/pa-muhammad-riaz-minister-of-public-works-department-said-that-by-sharing-the-rust-houses-with-the-public-a-profit-of-18-crores-was-made"
published_at: "2024-07-26T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66a32e55e004d_Untitled-2_copy.jpg"
keywords: []
---

# റസ്റ്റ് ഹൗസുകൾ പൊതുജനങ്ങൾക്ക് കൂടി പങ്ക് വച്ചതോടെ 18 കോടിയോളം ലാഭമുണ്ടാക്കാനായെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് ; പുതുക്കി പണിത കൂത്തുപറമ്പ് ഐബി നാടിന് സമർപ്പിച്ചു

> **Lead Summary:** ***കൂത്തുപറമ്പ്: ***പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 154 റസ്റ്റ് ഹൗസുകൾ ജനകീയമാക്കാൻ ഈ മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടെത്തിയതായി പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പ്രസ്താവിച്ചു.

## Article Content

***കൂത്തുപറമ്പ്: ***പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ 154 റസ്റ്റ് ഹൗസുകൾ ജനകീയമാക്കാൻ ഈ മന്ത്രിസഭ അധികാരമേറ്റശേഷം നടത്തിയ പരിശ്രമങ്ങൾ വിജയം കണ്ടെത്തിയതായി പൊതുമരാമത്ത്- വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് പ്രസ്താവിച്ചു.

ഈ ഇടപെടലിൻ്റെ ഭാഗമായി 18 കോടി രൂപയുടെ അധിക വരുമാനം വകുപ്പിന് ലഭ്യമായതായും മന്ത്രി പറഞ്ഞു. 1,100 മുറികൾ പൊതുമരാമത്ത് വകുപ്പിൻ്റെ റസ്റ്റ് ഹൗസുകളിലുണ്ട്.

ഇത് ലഭ്യമാക്കാൻ ഓൺലൈൻ ബുക്കിങ്ങ് ഏർപ്പെടുത്തിയതിലൂടെയാണ് ഈ നേട്ടം കൈവരിക്കാനായതെന്നും മന്ത്രി പറഞ്ഞു.

ഒരു കോടി ഏഴ് ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് പണി പൂര്‍ത്തിയാക്കിയ രണ്ട് മുറികളോട് കൂടിയ ഒരു കെട്ടിടവും, 2006ല്‍ നിര്‍മ്മിച്ച മൂന്ന് മുറികളും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടുന്ന കെട്ടിടവുമാണ് നവീകരിച്ചത്.

പഴയ പ്രൗഡിയില്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച കെട്ടിടത്തില്‍ രണ്ട് മുറികളായിരുന്നു ഉണ്ടായിരുന്നത്.കെട്ടിടത്തോട് ചേര്‍ന്ന് കാവല്‍ക്കാരനും,ജീവനക്കാര്‍ക്കും താമസിക്കാന്‍ നിര്‍മ്മിച്ചിരുന്ന രണ്ട് ചെറിയ മുറികളും കൂട്ടിച്ചേര്‍ത്ത് മൂന്ന് മുറികളാക്കിമാറ്റി.

അതോടനുബന്ധിച്ചു കാര്‍ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. 2006ല്‍ സ്ഥാപിച്ച മൂന്ന് മുറികളും കോണ്‍ഫറന്‍സ് ഹാളും ഉള്ള കെട്ടിടത്തിന് മുകളില്‍ നാല് മുറികള്‍ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. ആകെ പത്തു മുറികളും ഒരു മീറ്റിംഗ് ഹാളുമാണ് നവീകരിച്ച കെട്ടിടങ്ങളിലുള്ളത്.

കൂത്ത് പറമ്പ് എം എല്‍ എ കെ പി മോഹനന്‍ അധ്യക്ഷനായി. പൊതുമരാമത്ത് കെട്ടിടവിഭാഗം ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിയര്‍ സി കെ ഹരീഷ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ.ഷീല, കൂത്തുപറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ വി രാമകൃഷ്ണന്‍, കെ.ധനഞ്ജയന്‍, സി.ജി.തങ്കച്ചന്‍, സി. വിജയന്‍, മൊട്ടേമ്മല്‍ അലി, എന്‍.ധനഞ്ജയന്‍, കെ.മനോജ്, സി.കെ. സുരേഷ്ബാബു, അഷ്‌റഫ് ചെമ്പിലാലി, എ.ഒ. അഹമ്മദ് കുട്ടി, ശ്രീനിവാസന്‍ മാറോളി തുടങ്ങിയവര്‍ പങ്കെടുത്തു.

കൂത്തുപറമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ വി. സുജാത സ്വാഗതവും തലശ്ശേരി പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചീനിയര്‍ ഷാജി തയ്യില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/222895/pa-muhammad-riaz-minister-of-public-works-department-said-that-by-sharing-the-rust-houses-with-the-public-a-profit-of-18-crores-was-made)