---
title: "ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന മക്കളുള്ള രക്ഷിതാക്കൾ ജാഗ്രതൈ ; നടക്കുന്നത് തട്ടിപ്പിൻ്റെ ഹൈടെക്ക് വേർഷൻ, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട."
english_title: "Parents with children studying in other states beware;What's going on is a high-tech version of fraud, don't worry if you're careful."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/221685/parents-with-children-studying-in-other-states-bewarewhats-going-on-is-a-high-tech-version-of-fraud-dont-worry-if-youre-careful"
published_at: "2024-07-21T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669c9f5208b7e_download_(1).jpg"
keywords: []
---

# ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന മക്കളുള്ള രക്ഷിതാക്കൾ ജാഗ്രതൈ ; നടക്കുന്നത് തട്ടിപ്പിൻ്റെ ഹൈടെക്ക് വേർഷൻ, സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

> **Lead Summary:** ****** പാലാ കരൂർ ഉള്ള പഞ്ചായത്ത് അംഗത്തെ ഫോൺ വിളിച്ചത് 'ഡിവൈഎസ്‌പി വിക്രം' എന്ന പെരുങ്കള്ളൻ. ഫോണിൽ തെളിഞ്ഞത് യൂണിഫോമിട്ട ഉദ്യോഗസ്ഥൻ്റെ ചിത്രവും.

## Article Content

****** പാലാ കരൂർ ഉള്ള പഞ്ചായത്ത് അംഗത്തെ ഫോൺ വിളിച്ചത് 'ഡിവൈഎസ്‌പി വിക്രം' എന്ന പെരുങ്കള്ളൻ. ഫോണിൽ തെളിഞ്ഞത് യൂണിഫോമിട്ട ഉദ്യോഗസ്ഥൻ്റെ ചിത്രവും.

ഏറ്റവും പുതിയ തട്ടിപ്പ് ഇങ്ങനെ. ബംഗളൂരുവിൽ നിന്നും കരൂർ പഞ്ചായത്തംഗത്തിന് വാട്‌സാപ്പ് കോൾ. സ്ക്രീനിൽ തെളിഞ്ഞത് ഡി.എസ്.പി വിക്രം എന്ന പേരും പൊലീസ് യൂണിഫോമിൽ ഉദ്യോഗസ്ഥൻ്റെ ചിത്രവും.

മയക്കുമരുന്ന് കൈവശം വച്ചതിന് താങ്കളുടെ മകളെയും രണ്ട് സുഹൃത്തുക്കളെയും ബാംഗ്ലൂർ പൊലീസ് പിടികൂടിയിരിക്കുന്നു. 25 ലക്ഷം രൂപ തന്നാൽ വിട്ടയ്ക്കാം.

മകളോട് സ്നേഹമുണ്ടെങ്കിൽ ഉടൻ പണം അയയ്ക്കണമെന്നും ഫോണിലൂടെ ഓഫീസറുടെ നിർദേശവും എത്തി. ഞെട്ടിത്തരിച്ച് നിൽക്കുന്നതിനിടയിൽ അടിയന്തിരമായി 50,000 രൂപ ആവശ്യപ്പെട്ട് മെമ്പർക്ക് വീണ്ടും കോൾ.

തനിക്ക് മകളോട് സംസാരിക്കണമെന്ന് മെമ്പർ ആവശ്യപ്പെട്ടപ്പോൾ പൊലീസ് ജീപ്പിലെ അലാറവും ഒരു പെൺകുട്ടിയുടെ കരച്ചിലും കേൾപ്പിച്ചു. കരച്ചിൽ ശബ്ദം കേട്ടപ്പോൾ അത് തൻ്റെ മകളല്ലെന്ന് മെമ്പർ ഉറപ്പിച്ചു. ഉടൻ മകളെ വിളിച്ചപ്പോൾ താൻ ഹോസ്റ്റലിലുണ്ടെന്നും ഒരു പ്രശ്നവുമില്ലെന്ന് മറുപടിയും.

ഇതോടെ ഒന്നാംതരം തട്ടിപ്പിൽ നിന്ന് താൻ രക്ഷപെട്ടെന്ന് മെമ്പർക്ക് മനസിലായി. മകൾ ബാംഗ്ലൂരിൽ ഏത് സ്ഥാപനത്തിലാണ് പഠിക്കുന്നതെന്നും മകളുടെ പേരുപോലും മനസിലാക്കിയായിരുന്നു തട്ടിപ്പെന്നും മെമ്പർ പറയുന്നു.

തലവേദനയായതിനാൽ മകൾ കോളേജിൽ പോകാഞ്ഞതിനാലാണ് തട്ടിപ്പ് ഇത്രവേഗം പൊളിഞ്ഞത്.. സൈബർ തട്ടിപ്പുകാരുടെ ഏറ്റവും പുതിയ രീതിയാണ് ഇത്തരത്തിലുള്ള വ്യാജ ഫോൺ കോളുകൾ. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിരവധി ആളുകളാണ് ഈ ചതിക്ക് ഇരയാക്കപ്പെട്ടിട്ടുള്ളത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/221685/parents-with-children-studying-in-other-states-bewarewhats-going-on-is-a-high-tech-version-of-fraud-dont-worry-if-youre-careful)