---
title: "ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് പോലീസ് "
english_title: "Kozhikode resident poisoned during bus journey;Police said it was due to family problems"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220585/kozhikode-resident-poisoned-during-bus-journeypolice-said-it-was-due-to-family-problems"
published_at: "2024-07-17T10:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/669750e255abb_669734ff1b803_hf.jpg"
keywords: []
---

# ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്‌നങ്ങള്‍ കാരണമെന്ന് പോലീസ് 

> **Lead Summary:** **കോഴിക്കോട്:** ബസ് യാത്രയ്ക്കിടെ യാത്രക്കാരി വിഷംകഴിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുകയായിരുന്ന ബസിലായിരുന്നു സംഭവം.

## Article Content

**കോഴിക്കോട്:** ബസ് യാത്രയ്ക്കിടെ യാത്രക്കാരി വിഷംകഴിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുകയായിരുന്ന ബസിലായിരുന്നു സംഭവം.

യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കോഴിക്കോട് സ്വദേശിനിയായ യാത്രക്കാരി കുപ്പിയില്‍ കരുതിയിരുന്ന വിഷംകഴിച്ചത്. ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ യാത്രക്കാരോട് ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചു.

ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യാത്രക്കാരി കുഴഞ്ഞുവീഴുകയും ബസിലുണ്ടായിരുന്ന മറ്റൊരു യാത്രക്കാരിയോട് താന്‍ വിഷംകഴിച്ച കാര്യം പറയുകയും ചെയ്തു. ഉടന്‍തന്നെ ബസ് ജീവനക്കാര്‍ യാത്രക്കാരിയെ വൈത്തിരി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വൈത്തിരി പോലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന്, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നത്തെത്തുടര്‍ന്നാണ് യാത്രക്കാരി വിഷംകഴിച്ചതെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220585/kozhikode-resident-poisoned-during-bus-journeypolice-said-it-was-due-to-family-problems)