---
title: "ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല ; വനിതാ എസ്.ഐക്ക് ഇമ്പോസിഷൻ നൽകി എസ്.പി"
english_title: "The question about the Bharatiya Nyaya Samhita was not answered;SP gave imposition to women SI"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/220401/the-question-about-the-bharatiya-nyaya-samhita-was-not-answeredsp-gave-imposition-to-women-si"
published_at: "2024-07-16T13:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66962e72a869e_Untitled-7_copy.jpg"
keywords: []
---

# ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകിയില്ല ; വനിതാ എസ്.ഐക്ക് ഇമ്പോസിഷൻ നൽകി എസ്.പി

> **Lead Summary:** **** വനിത എസ്.ഐയ്ക്ക് എസ്.പിയുടെ വക ഇമ്പോസിഷൻ. പത്തനംതിട്ടയിലാണ് സംഭവം. ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്നതോടെയാണ് എസ്.ഐയ്ക്ക് എസ്.പി. വി. അജിത് ഇമ്പോസിഷൻ നൽകിയത്. വെള്ളക്കടലാസിൽ എഴുതി മെയിൽ ചെയ്യണം എന്നായിരുന്നു എസ്.പി. നിർദേശിച്ചത്.

## Article Content

**** വനിത എസ്.ഐയ്ക്ക് എസ്.പിയുടെ വക ഇമ്പോസിഷൻ. പത്തനംതിട്ടയിലാണ് സംഭവം. ഭാരതീയ ന്യായ സംഹിത സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നൽകാതിരുന്നതോടെയാണ് എസ്.ഐയ്ക്ക് എസ്.പി. വി. അജിത് ഇമ്പോസിഷൻ നൽകിയത്. വെള്ളക്കടലാസിൽ എഴുതി മെയിൽ ചെയ്യണം എന്നായിരുന്നു എസ്.പി. നിർദേശിച്ചത്.

എല്ലാ ദിവസവും രാവിലെ എട്ടുമണിക്ക് ജില്ലാ പോലീസ് മേധാവി അതത് സ്റ്റേഷനുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ മീറ്റിങ് നടത്താറുണ്ട്. അഞ്ചുദിവസം മുൻപ് ഇത്തരത്തിലൊരു മീറ്റിങ്ങിനിടെയാണ് ഈ സംഭവം നടക്കുന്നത്.

ഒരോ സ്റ്റേഷനിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉണ്ടായ സംഭവങ്ങൾ, അതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‌ത കേസുകൾ വിശദാംശങ്ങൾ, അന്വേഷണ പുരോഗതി എന്നിവയാണ് സ്റ്റേഷനുകളുടെ ചുമതലയുള്ള മീറ്റിങ്ങിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥർ വിവരിക്കേണ്ടത്.

കൂടൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത ഒരു സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങൾ മീറ്റിങ്ങിൽ പങ്കെടുത്ത വനിതാ എസ്.ഐ. പറഞ്ഞു. ഭാരതീയ ന്യായ സംഹിത അനുസരിച്ച് ഏത് വകുപ്പ് ഉൾപ്പെടുത്തിയുള്ള കേസ് ആണ് രജിസ്റ്റർ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എസ്.പി. വി. അജിത് അന്വേഷിച്ചപ്പോൾ കൃത്യമായ മറുപടി നൽകാൻ എസ്.ഐക്ക് കഴിഞ്ഞില്ല.

ഭാരതീയ ന്യായ സംഹിത സംബന്ധിച്ച് ഉദ്യോഗസ്ഥർക്ക് പലകുറി പരിശീലനം നൽകിയിട്ടുണ്ട്. അതിനാൽ തന്നെ വിഷയത്തിൽ കൃത്യമായി മറുപടി നൽകാത്തതിന് വിശദീകരണം എന്ന തരത്തിലാണ് വിശദാംശങ്ങൾ പറഞ്ഞുകൊടുത്ത ശേഷം, ഇത് വെള്ളക്കടലാസിൽ എഴുതി തനിക്ക് മെയിൽ ചെയ്യണം എന്ന നിർദേശം എസ്.പി. നൽകിയത്.

വനിതാ എസ്.ഐ. ഇരുപത് തവണ എഴുതി ചിത്രം പകർത്തി എസ്.പിക്ക് മെയിൽ അയച്ചുവെന്നാണ് ലഭിക്കുന്ന വിവരം. വിഷയം സംബന്ധിച്ച് എസ്.പിയോട് പ്രതികരണം ആരാഞ്ഞപ്പോൾ, പോലീസ് വകുപ്പിൽ ഇതൊരു പുതിയ കാര്യമല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/220401/the-question-about-the-bharatiya-nyaya-samhita-was-not-answeredsp-gave-imposition-to-women-si)