---
title: "വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി പ്രസി.കെ.സുധാകരൻ"
english_title: "KPCC Pres. K. Sudhakaran wants to name Oommen Chandy for Vizhinjam port;"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219109/kpcc-pres-k-sudhakaran-wants-to-name-oommen-chandy-for-vizhinjam-port"
published_at: "2024-07-11T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f9c8de728d_Untitled-1_copy.jpg"
keywords: []
---

# വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി പ്രസി.കെ.സുധാകരൻ

> **Lead Summary:** വിഴിഞ്ഞം തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി.

## Article Content

വിഴിഞ്ഞം തുറമുഖത്തിന് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ എംപി.

വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർഥ്യമായത് ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ടുമാത്രമാണെന്നും പിണറായി സർക്കാർ ഇത് മനഃപൂർവ്വം തമസ്ക‌രിക്കുകയാണെന്നും കെ. സുധാകരൻ വാർത്ത കുറിപ്പിലൂടെ പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിഴിഞ്ഞത്ത് ചരക്കുകപ്പലിന് സ്വീകരണം നൽകുന്ന ചടങ്ങിലേക്ക് ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടിയാണെന്നും അദ്ദേഹം വിമർശിച്ചു.

ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ചയാളാണ് പിണറായി വിജയൻ.

എന്നാൽ ഇന്ന് പദ്ധതിയുടെ പിതൃത്വാവകാശം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണ്. പദ്ധതിയുടെ നിർമ്മാണ ചെലവ് എൽഡിഎഫിൻ്റെ സമരങ്ങൾ കാരണം വർധിക്കുന്ന സാഹചര്യമുണ്ടായി.

എൽഡിഎഫും, പിണറായി സർക്കാരുമാണ് 2019ൽ യാഥാർഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദികൾ. കണ്ണൂർ വിമാനത്താവളം, കൊച്ചി മെട്രോ ഉൾപ്പടെയുള്ള പദ്ധതികൾ യാഥാർഥ്യമായപ്പോഴും യുഡിഎഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സർക്കാരിന്റെ അൽപ്പത്തരം പ്രകടമായെന്നും സുധാകരൻ വിമർശിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219109/kpcc-pres-k-sudhakaran-wants-to-name-oommen-chandy-for-vizhinjam-port)