---
title: "കേന്ദ്ര സർക്കാറിൻ്റെ പുരപ്പുറ സോളാർ പദ്ധതി ;  ഒറ്റ ദിവസം  ആറുപേർക്ക് കണക്ഷൻ നൽകി  പാനൂർ കെ.എസ്.ഇ.ബിയുടെ മാതൃക..!"
english_title: "Central Government's Purapura Solar Project;Example of Panur KSEB by giving connection to six people in one day..!"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/219021/central-governments-purapura-solar-projectexample-of-panur-kseb-by-giving-connection-to-six-people-in-one-day"
published_at: "2024-07-11T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/668f62f946f16_Untitled-1_copy.jpg"
keywords: []
---

# കേന്ദ്ര സർക്കാറിൻ്റെ പുരപ്പുറ സോളാർ പദ്ധതി ;  ഒറ്റ ദിവസം  ആറുപേർക്ക് കണക്ഷൻ നൽകി  പാനൂർ കെ.എസ്.ഇ.ബിയുടെ മാതൃക..!

> **Lead Summary:** > ***പാനൂർ: *** കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സോളാർ പദ്ധതിയായ "പ്രധാനമന്ത്രി സൂര്യഘർ മുഫ്തി ബിജിലി യോജന' യിലൂടെ പുരപ്പുറ സോളാർ പാനൽ സ്ഥാപിച്ച പാനൂർ കെ.എസ്.ഇ.ബി സെക്ഷനിലെ വൈദ്യുതി ഉപഭോക്താക്കളായ ആറുപേർക്കും ഒറ്റ ദിവസം കണക്ഷൻ നൽകി മാതൃകയായി പാനൂർ കെ.എസ്. ഇ.ബി സെക്ഷൻ.

## Article Content

> ***പാനൂർ: *** കേന്ദ്ര സർക്കാരിൻ്റെ പുരപ്പുറ സോളാർ പദ്ധതിയായ "പ്രധാനമന്ത്രി സൂര്യഘർ മുഫ്തി ബിജിലി യോജന' യിലൂടെ പുരപ്പുറ സോളാർ പാനൽ സ്ഥാപിച്ച പാനൂർ കെ.എസ്.ഇ.ബി സെക്ഷനിലെ വൈദ്യുതി ഉപഭോക്താക്കളായ ആറുപേർക്കും ഒറ്റ ദിവസം കണക്ഷൻ നൽകി മാതൃകയായി പാനൂർ കെ.എസ്. ഇ.ബി സെക്ഷൻ.

ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനം ഒരുക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയിലാണ് ചരിത്ര നേട്ടം പാനൂർ കെ.എസ്.ഇ.ബി സെക്ഷൻ വരിച്ചത്. പുരപ്പുറ സോളാർ പദ്ധതിക്ക് കെ.എസ്. ഇ.ബി എതിരാണെന്ന ചിലരുടെ കുപ്രചാരണത്തെയാണ് പാനൂർ കെ.എസ്. ഇ. ബി. സെക്ഷൻ തകിടം മറിച്ചത്.

ചമ്പാട് ആരതി നിവാസിൽ ശ്രീധരൻ, മനേക്കര നിർമാല്യം വീട്ടിൽ രവീന്ദ്രൻ, കുണ്ടങ്കുഴിയിൽ വത്സതിലൻ, സാഹിതിയിൽ ഹേമന്ത്, ലക്ഷ്മി നിവാസിൽ ജിനചന്ദ്രൻ, ആർഷവ് നിലയത്തിൽ പവിത്രൻ എന്നിവരുടെ വീടുകളിലാണ് ഇന്നലെ കെ.എസ്. ഇ.ബി കണക്ഷൻ നൽകിയത്. ചൊക്ലിയിലെ Evolta Solar എന്ന കമ്പനിയാണ് സമയബന്ധിതമായി പണി പൂർത്തീകരിച്ചത്.

'ആഗോള താപനം ലഘൂകരിക്കുന്നതിൻ്റെ ഭാഗമായി ഊർജ സുരക്ഷ ഉറപ്പാക്കാൻ പുരപ്പുറ സോളാർ പദ്ധതി തികച്ചും പര്യാപ്തമാണ്.

> ഇപ്പോൾ 30000/- രൂപ മുതൽ 78000/- രൂപ വരെ സബ്സിഡിയും ലഭ്യമാണ്. " - Evolta Solar കമ്പനിയുടെ ഉടമ അഖിൽ ട്രൂവിഷനോട് പറഞ്ഞു. ഭാരതത്തിലെ ഒരു കോടി വീടുകളിൽ പുരപ്പുറ സൗരോർജ സംവിധാനം ഒരുക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് "പ്രധാനമന്ത്രി സൂര്യഘർ മുഫ്തി ബിജ്ലി യോജന'' .

ഈ പദ്ധതി പ്രകാരം 1 കിലോ വാട്ട് സിസ്റ്റത്തിന് 30000/- രൂപയും 2 കിലോ വാട്ട് സിസ്റ്റത്തിന് 60000 /- രൂപയും 3 കിലോ വാട്ടും അതിൽ കൂടിയ സിസ്റ്റത്തിനും 78000/ രൂപയുമാണ് കേന്ദ്ര സർക്കാർ സബ്സിഡി നൽകുന്നത്.

താൽപര്യമുള്ളവർ https://pmsuryaghar.gov.in എന്ന സൈറ്റ് വഴി റജിസ്റ്റർ ചെയ്ത് അനുയോജ്യമായ വെണ്ടർമാരെ തെരഞ്ഞെടുത്ത് പദ്ധതി പൂർത്തീകരിക്കാം.

കെ.എസ്. ഇ.ബി വഴി പദ്ധതി നടപ്പിലാക്കുന്നവർക്ക് ഇ- കിരണം പോർട്ടൽ വഴിയാണ് റജിസ്റ്റർ ചെയ്യേണ്ടത്. വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഊർജ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതിയാണ് പുരപ്പുറ സോളാർ പദ്ധതി.

പകൽ നേരങ്ങളിൽ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതി ഇലക്ട്രിസിറ്റി ബോർഡ് ഗ്രിഡ് വഴി കെ.എസ്. ഇ. ബി. വാങ്ങി ഇതിൻെറ തുക എല്ലാ വർഷവും മാർച്ച് 31 ന് ഉപഭോക്താക്കൾക്ക് കൈമാറുന്ന രീതിയാണ് നിലവിൽ ഉള്ളത്.

ഗാർഹിക ആവശ്യങ്ങൾക്കുള്ള വൈദ്യുതി സ്വയം ഉത്പാദിപ്പിച്ച് വീടുകളിലെ വൈദ്യുത ഉപയോഗം കുറക്കാൻ പര്യാപ്ത മാകുന്ന പദ്ധതിയാണിത്. നിരപ്പായ പ്രതലത്തിലുള്ള പുരപ്പുറങ്ങളാണ് പ്ലാൻറ് നിർമിക്കാൻ അനുയോജ്യം. തെക്കൻ ചായ് വിൽ നിന്നുള്ള വെയിൽ ലഭിക്കുന്നതിന് 10 ഡിഗ്രി തെക്കോട്ട് ചായ്ച്ചാണ് സോളാർ പ്ലാൻ്റ് സ്ഥാപിക്കുക.

ടാറ്റാ പവർ, വി.ഗാർഡ്, ലിവ് ഗാർഡ്, ലുമിനസ്,അദാനി ഗ്രൂപ്പ്, സോഫാർ തുടങ്ങിയ കമ്പനികൾ സൗരോർജ വിപണിയിൽ സാന്നിധ്യം തെളിയിച്ചവരാണ്.

കേരളത്തിലെ സൗരോർജ വിപണിയിൽ കൂടുതൽ സജീവമാവാൻ അദാനി ഗ്രൂപ്പ് അൽമിയ ഗ്രൂപ്പ് മായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. കെ.എസ്. ഇ. ബി യുടെ സൗരോർജ പ്രൊജക്ടിൻ്റെ ഭാഗമായ പുരപ്പുറ സൗരോർജ പദ്ധയിലൂടെ കാൽ ലക്ഷത്തോളം വീടുകളിൽ സോളാർ പ്ലാൻ്റുകൾ സ്ഥാപിച്ച് വൈദ്യുത ഉത്പ്പാദനം ഇതിനകം ആരംഭിച്ച് കഴിഞ്ഞു. 100 മെഗാവാട്ട് വൈദ്യുതിയാണ് ഇത് വഴി ഉൽപ്പാദിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/219021/central-governments-purapura-solar-projectexample-of-panur-kseb-by-giving-connection-to-six-people-in-one-day)