---
title: "ഐ.എ.എസ്‌ കോച്ചിംഗ്‌  പ്രവേശന  പരീക്ഷക്ക് ഇന്ന് കൂടി അപേക്ഷിക്കാം; പരീക്ഷ ഡൽഹി, ലക്ഷദ്വീപ് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ"
english_title: "Apply for IAS Coaching Entrance Test Today;Examination at 6 centers including Delhi and Lakshadweep"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/213275/apply-for-ias-coaching-entrance-test-todayexamination-at-6-centers-including-delhi-and-lakshadweep"
published_at: "2024-06-19T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6672f03ace5c2_Untitled-1_copy.jpg"
keywords: []
---

# ഐ.എ.എസ്‌ കോച്ചിംഗ്‌  പ്രവേശന  പരീക്ഷക്ക് ഇന്ന് കൂടി അപേക്ഷിക്കാം; പരീക്ഷ ഡൽഹി, ലക്ഷദ്വീപ് ഉൾപ്പെടെ 6 കേന്ദ്രങ്ങളിൽ

> **Lead Summary:** ****പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സർവ്വീസ് അക്കാദമിയില്‍ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23ന് നടക്കും. പരീക്ഷ എഴുതുന്നതിനായി ഇന്ന് കൂടി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

## Article Content

****പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നജീബ് കാന്തപുരം എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സർവ്വീസ് അക്കാദമിയില്‍ അടുത്ത ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ ജൂൺ 23ന് നടക്കും. പരീക്ഷ എഴുതുന്നതിനായി ഇന്ന് കൂടി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവർക്കും അല്ലെങ്കിൽ അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. പ്രവേശന പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിലും മികവ് തെളിയിക്കുന്ന 100 വിദ്യാർത്ഥികൾക്ക് നൂറ് ശതമാനം സ്‌കോളര്‍ഷിപ്പോടെ റസിഡന്‍ഷ്യല്‍ പരിശീലനത്തിന് പ്രവേശനം നൽകും.

ശേഷം റാങ്ക് ലിസ്റ്റിൽ വരുന്ന 150 വിദ്യാർത്ഥികൾക്ക് 20 ശതമാനം സ്കോളർഷിപ്പോടെയും പ്രവേശനം നൽകും. https://kreaias.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.

ഇത്തവണയും ആറു കേന്ദ്രങ്ങളിലായാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലകളിലും ലക്ഷദ്വീപിലുമുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം.മിതമായ നിരക്കില്‍ സിവില്‍ സര്‍വീസ് ഓണ്‍ലൈന്‍ പരിശീലനത്തിനും അക്കാദമി സൗകര്യമൊരുക്കും. ഉന്നത ഉദ്യോഗ രംഗത്ത് മലബാറില്‍ നിന്നുള്ള കൂടുതല്‍ ഉദ്യോഗാര്‍ത്ഥികളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്രിയ പദ്ധതിയും മുദ്ര എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷനും സംയുക്തമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയിലെ ആദ്യ ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിക്ക് സിവിൽ സർവീസ് ലഭിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ നടുവണ്ണൂർ സ്വദേശിയായ റാഷിദ് അലിക്കാണ് സർവീസ് ലഭിച്ചത്.

ആദ്യ ബാച്ചിലെ 9 വിദ്യാർഥികൾ പ്രിലിംസ് പരീക്ഷയും മൂന്നു പേർ മെയിൻസ് പരീക്ഷയും പാസായിരുന്നു. ഡല്‍ഹി ഉള്‍പ്പെടെയുള്ള രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള പ്രമുഖ ഫാക്കല്‍റ്റികളാണ് അക്കാദമിയിൽ പരിശീലനത്തിന് നേതൃത്വം നൽകുന്നത്. നിവലില്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥർ വിവിധ ഘട്ടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുക്കാനെത്താറുണ്ട്.

കേരളത്തില്‍ പുതിയ സിവില്‍ സര്‍വ്വീസ് ഇക്കോ സിസ്റ്റം നിര്‍മ്മിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളോടൊപ്പം സിവിക് സെന്‍സുള്ള ഉത്തമ പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധ്യമുള്ള പരമാവധി പേരെ കേന്ദ്ര, സംസ്ഥാന സര്‍വീസിലെത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുമാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് അക്കാദമിയുടെയും മുദ്ര എജുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. ഫോൺ: 6235577577

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/213275/apply-for-ias-coaching-entrance-test-todayexamination-at-6-centers-including-delhi-and-lakshadweep)