---
title: "വോട്ട് ചെയ്തതിന് നന്ദി, പക്ഷെ റോഡ് ഷോയിൽ പങ്കെടുക്കരുത് ; പാനൂരിൽ  വനിതാ ലീഗ് പ്രവർത്തകരോട് ലീഗ്  നേതാവിൻ്റെ സന്ദേശം"
english_title: "Thanks for voting, but don't participate in the roadshow;League leader's message to women's league workers in Panur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/210474/a-close-and-orderly-celebration-is-enoughleague-leader-bans-womens-league-workers-from-shafis-road-show-voice-message-is-out"
published_at: "2024-06-07T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6662949f21c78_Untitled-2_copy.jpg"
keywords: []
---

# വോട്ട് ചെയ്തതിന് നന്ദി, പക്ഷെ റോഡ് ഷോയിൽ പങ്കെടുക്കരുത് ; പാനൂരിൽ  വനിതാ ലീഗ് പ്രവർത്തകരോട് ലീഗ്  നേതാവിൻ്റെ സന്ദേശം

> **Lead Summary:** ***പാനൂർ ***വടകരയിലെ അഭൂതപൂർവമായ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ ഇന്ന് വൈകീട്ട് പാനൂരിൽ നടക്കാനിരിക്കെയാണ് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നത്.

## Article Content

***പാനൂർ ***വടകരയിലെ അഭൂതപൂർവമായ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഷാഫി പറമ്പിലിൻ്റെ റോഡ് ഷോ ഇന്ന് വൈകീട്ട് പാനൂരിൽ നടക്കാനിരിക്കെയാണ് മുസ്ലിം ലീഗ് കൂത്ത്പറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി പി.കെ ഷാഹുൽ ഹമീദിൻ്റെ ശബ്ദ സന്ദേശം പുറത്തുവന്നത്.

കഴിഞ്ഞ ദിവസം വിധി പ്രഖ്യാപനത്തിന് ശേഷം പാനൂർ ടൗണിൽ യു ഡി എഫ് നടത്തിയ ആഹ്ലാദ പ്രകടനം ശ്രദ്ധേയമായിരുന്നു. വനിതാ ലീഗ് പ്രവർത്തകരും, മഹിളാ കോൺഗ്രസ് പ്രവർത്തകരും ആടിയും പാടിയുമാണ് ഷാഫിയുടെ വിജയമാഘോഷിച്ചത്. ഇത് സമൂഹമാധ്യമങ്ങളിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു.

ഷാഫി വടകരയിൽ സ്ഥാനാർത്ഥിയായി വന്നിറങ്ങിയതു മുതൽ വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിധ്യമുണ്ടായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ വനിതാ ലീഗ് പ്രവർത്തകരുടെയും, മഹിളാ കോൺഗ്രസ് പ്രവർത്തകരുടെയും വൻ പങ്കാളിത്തവുമുണ്ടായി. ഷാഫിയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച വനിതാ ലീഗ് പ്രവർത്തകരോട് ഇന്ന് 5 മണിക്ക് പാനൂരിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കേണ്ടതില്ലെന്നും, ഒരു സ്ഥലത്ത് കേന്ദ്രീകരിച്ച് അഭിവാദ്യം അർപ്പിച്ചാൽ മതിയെന്നുമാണ് ഷാഹുൽ ഹമീദ് പറയുന്നത്.

മറ്റ് പാർട്ടികളിലെ വനിതാ പ്രവർത്തകരുടെ ആഹ്ലാദരീതി നമുക്ക് അനുവദനീയമല്ലെന്നും ഷാഹുൽ അർത്ഥമാക്കുന്നുണ്ട്. ലീഗ് നേതാവിൻ്റെ സന്ദേശത്തിനെതിരെ വനിതാ ലീഗ് പ്രവർത്തകരിൽ നിന്നും പ്രതികരണങ്ങളുയരുന്നുണ്ട്. ഷാഫിയുടെ റോഡ് ഷോയുടെ തിളക്കം കെടുത്താനെ ഇത്തരം അനാവശ്യ നിയന്ത്രണങ്ങൾ കൊണ്ട് കഴിയൂവെന്ന അഭിപ്രായങ്ങളും ശക്തമാണ്. ഈ ഓഡിയൊ ക്ലിപ്പ് ചോർന്നത് ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/210474/a-close-and-orderly-celebration-is-enoughleague-leader-bans-womens-league-workers-from-shafis-road-show-voice-message-is-out)