---
title: "മാഹി ബൈപ്പാസിൽ വാഹനാപകടം ;   ഈസ്റ്റ് പള്ളൂരിൽ  സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ്  മരിച്ചു."
english_title: " accident on Mahi bypass;A young man died after a car rammed into a lorry stopped at a signal in East Pallur."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/208116/accident-on-mahi-bypassa-young-man-died-after-a-car-rammed-into-a-lorry-stopped-at-a-signal-in-east-pallur"
published_at: "2024-05-28T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665588b9b52f7_Untitled-5_copy.jpg"
keywords: []
---

# മാഹി ബൈപ്പാസിൽ വാഹനാപകടം ;   ഈസ്റ്റ് പള്ളൂരിൽ  സിഗ്നലിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് യുവാവ്  മരിച്ചു.

> **Lead Summary:** **മാഹി:** മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ ഓടിച്ചിരുന്നയാൾ മരിച്ചു.

## Article Content

**മാഹി:** മുഴപ്പിലങ്ങാട് - മാഹി ബൈപ്പാസ് റോഡിലെ ഈസ്റ്റ് പള്ളൂർ സിഗ്നലിൽ സിഗ്നൽ ലഭിക്കാനായി നിർത്തിയിട്ട ലോറിക്ക് പിന്നിൽ നിയന്ത്രണം വിട്ട കാറിടിച്ച് കാർ ഓടിച്ചിരുന്നയാൾ മരിച്ചു.

പുലർച്ചെ 3.30 നായിരുന്നു അപകടം. കാസർകോഡ് സുള്ള്യക്കടുത്ത് പുത്തൂരിൽ നിന്ന് മരം കയറ്റി മലപ്പുറത്തേക്ക് പോകുകയായിരുന്നു KA 52 7356 നമ്പർ ലോറിക്ക് പിറകിൽ ഇതേ ദിശയിൽ നിന്നും വന്ന പജേറോ KA 05MT 7587 നമ്പർ കാറാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറി അൽപ്പം മുന്നോട്ട് നീങ്ങിയതായി ലോറി ഡ്രൈവർ പറഞ്ഞു.

കർണ്ണാടക ഭാഗങ്ങളിലെ ക്ഷേത്രങ്ങളിൽ ദർശനം നടത്തി ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കുടുബമാണ് അപകടത്തിൽ പെട്ടത്. കാർ ഓടിച്ചിരുന്ന ഗൃഹനാഥൻ ആലപ്പുഴ സ്വദേശി ശിവപ്രസാദ് ആണ് (43) മരിച്ചത്.

ഭാര്യ മുംബൈ സ്വദേശി ദേവശ്രീ(40)ക്ക് കാലിന് പരിക്കേറ്റു. ഇവരെ തലശ്ശേരി ഇന്ദിരാഗാന്ധി ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ മുൻ സീറ്റിലായിരുന്നു ഇരുന്നത്. രണ്ട് പെൺകുട്ടികൾ രാജൽ (15), ധ്രുവി (12) പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇവർ പിൻ സീറ്റിലായിരുന്നു. മരിച്ചയാളുടെ മൃതദേഹം തലശ്ശേരി ഗവ.ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തലശ്ശേരി അഗ്നിശമന സേനയും, തലശ്ശേരി പോലീസ്, മാഹി അഗ്നിശമനസേന, മാഹി പോലീസ് എന്നിവർ അപകട സ്ഥലത്തെത്തി. ഫയർ സർവീസ് കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഡ്രൈവർ സംഭവ സ്ഥലത്ത് അബോധാവസ്ഥയിലായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/208116/accident-on-mahi-bypassa-young-man-died-after-a-car-rammed-into-a-lorry-stopped-at-a-signal-in-east-pallur)