---
title: "കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ"
english_title: "Kozhikode student died of shock;Shop owner makes serious allegations against KSEB"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/206353/kozhikode-student-died-of-shockshop-owner-makes-serious-allegations-against-kseb"
published_at: "2024-05-20T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664ade95abc7a_download_(6).jpg"
keywords: []
---

# കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ

> **Lead Summary:** ****കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്.

## Article Content

****കോഴിക്കോട് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്കെതിരെ ഗുരുതര ആരോപണവുമായി കടയുടമ. കുറ്റിക്കാട്ടൂര്‍ പുതിയോട്ടില്‍ ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്.

കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റാണ് മരണം. വാഹനം കേടായപ്പോൾ മഴ നനയാതിരിക്കാൻ കടയിൽ കയറി നിന്നപ്പോഴാണ് കടയുടെ തൂണില്‍ നിന്നും ഷോക്കേറ്റത്. കെട്ടിടത്തിലെ തൂണിൽനിന്നും ഷോക്കേറ്റ് റിജാസ് മരിച്ചത് കെഎസ്ഇബിയുടെ അനാസ്ഥകൊണ്ടാണെന്ന് കുടുംബം പരാതിപ്പെട്ടു.

തൂണിൽ ഷോക്കുണ്ടെന്ന് പരാതി അറിയിച്ചിട്ടും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്നാണ് ആക്ഷേപം. സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ ആരോപണവുമായി കടയുടമ രംഗത്തെത്തി.

കെഎസ്ഇബിയുടെ അനാസ്ഥയാണ് 19കാരന്‍റെ മരണത്തിന് കാരണമെന്ന് കടയുടമ പി.മുഹമ്മദ് പറഞ്ഞു. കടയിലെ തൂണിൽ ഷോക്ക് ഉണ്ടെന്ന് കെഎസ്ഇബിയിൽ പരാതിപ്പെട്ടിരുന്നു. ഒരു ജീവനക്കാരൻ ഇന്നലെ രാവിലെ വന്ന് പരിശോധിച്ചു. പക്ഷേ പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിച്ചില്ല. യുവാവ് മരിച്ചതിന് ശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പറഞ്ഞു.

കടക്കു മുകളിൽ മരത്തിൽ തട്ടി നിൽക്കുന്ന വൈദുതി ലൈനാണ് തൂണിൽനിന്നും ഷോക്കേൽക്കാനുള്ള കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇതിനു മുൻപും ഷോക്കേൽക്കുന്നുണ്ടെന്ന് പരാതിപ്പെട്ടിട്ടുണ്ടെങ്കിലും അത് റജിസ്റ്റർ ചെയ്യുകയല്ലാതെ പരിഹാര നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.

കനത്ത മഴയെത്തുടർന്ന് റിജാസ് കടയുടെ മുന്നിൽ കയറി നിൽക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരനും ഷോക്കേറ്റു. മഴക്കാലത്ത് വൈദ്യുതിലൈനുകളിൽ തട്ടി നിൽക്കുന്ന മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാനുള്ള നടപടികൾ സ്വീകരിക്കാറുള്ളതാണ്.

എന്നാൽ പരാതി ഉണ്ടായിട്ടുപോലും അത്തരം പ്രവർത്തനങ്ങൾ കെഎസ്ഇബിയുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. സംഭവത്തിനു ശേഷവും കടയിലേക്കുള്ള വൈദ്യതി ബന്ധം വിച്ഛേദിക്കുകയല്ലാതെ മറ്റു നടപടികൾ കൈക്കൊണ്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/206353/kozhikode-student-died-of-shockshop-owner-makes-serious-allegations-against-kseb)