---
title: "പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി"
english_title: "A case where an eleven-year-old girl was raped by pretending to be in love;Nadapuram Court sentenced"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205662/a-case-where-an-eleven-year-old-girl-was-raped-by-pretending-to-be-in-lovenadapuram-court-sentenced"
published_at: "2024-05-16T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/664610364bd54_download_(3).jpg"
keywords: []
---

# പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് ബലാത്സംഗം ചെയ്ത കേസ്; ശിക്ഷ വിധിച്ച് നാദാപുരം കോടതി

> **Lead Summary:** നാദാപുരം : പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തെന്ന കേസിൽ യുവാവിന് 58 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വളവിലായി രതീഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്.

## Article Content

നാദാപുരം : പതിനൊന്ന് വയസുകാരിയെ പ്രണയം നടിച്ച് വീട്ടിൽ അതിക്രമിച്ചു കയറി ബലാൽസംഗം ചെയ്തെന്ന കേസിൽ യുവാവിന് 58 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. കന്യാകുമാരി മാർത്താണ്ഡം സ്വദേശി വളവിലായി രതീഷിനെയാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് എം.സുഹൈബ് ശിക്ഷിച്ചത്.

നരിപ്പറ്റയിലെ വാടകവീട്ടിൽ താമസിച്ചു വന്ന രതീഷ് ബാലികയുടെ വീട്ടിൽ അതിക്രമിച്ചു കടന്ന് കുട്ടിയെ കീഴ്പെടുത്തി ക്രൂരമായ ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. 2020 ഒക്ടോബർ മുതൽ 2021 ഫെബ്രുവരി വരെ പല ദിവസങ്ങളിലായി ലൈംഗിക അതിക്രമവും ബലാൽസംഗവും നടത്തുകയായിരുന്നു.

വിവരമറിഞ്ഞ സാമൂഹ്യപ്രവർത്തകരും മറ്റും കുട്ടിയെ രക്ഷപ്പെടുത്തി. ബാലികാസദനത്തിലേക്കും തുടർന്ന് കോഴിക്കോട് ചിൽഡ്രൻ ഹോമിലേക്കും എത്തിക്കുകയായിരുന്നു. ചൈൽഡ് വെൽഫെയർ കമ്മിറ്റി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കുറ്റ്യാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഒളിവിൽ പോയ പ്രതിയെ കന്യാകുമാരിയിൽ വെച്ച് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

കുറ്റ്യാടി പോലീസ് ഇൻസ്പെക്ടർമാരായ കെ.രാജീവ് കുമാർ, ഹർഷാദ് ടി.പി എന്നിവർ കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ 24 സാക്ഷികളെ വിസ്മരിക്കുകയും 24 രേഖകൾ ഹാജരാക്കുകയും ചെയ്തു.

പ്രതിഭാഗം മൂന്ന് സാക്ഷികളെ വിസ്മരിക്കുകയും മൂന്ന് രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205662/a-case-where-an-eleven-year-old-girl-was-raped-by-pretending-to-be-in-lovenadapuram-court-sentenced)