---
title: "വിഷ്ണുപ്രിയ വധക്കേസിൽ ശ്യാംജിത്തിൻ്റെ  കണക്കുകൂട്ടൽ പിഴച്ചു ; കോടതി വിധിച്ചത് കനത്ത ശിക്ഷ"
english_title: "Shyamjit's miscalculation in the Vishnu Priya murder case;The court awarded heavy punishment"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/205066/shyamjits-miscalculation-in-the-vishnu-priya-murder-casethe-court-awarded-heavy-punishment"
published_at: "2024-05-13T19:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6642191ba35ac_Untitled-5_copy.jpg"
keywords: []
---

# വിഷ്ണുപ്രിയ വധക്കേസിൽ ശ്യാംജിത്തിൻ്റെ  കണക്കുകൂട്ടൽ പിഴച്ചു ; കോടതി വിധിച്ചത് കനത്ത ശിക്ഷ

> **Lead Summary:** ***പാനൂർ: *** പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിൻ്റെ കണക്കുകൂട്ടൽ തെറ്റി. 39 ആം വയസിൽ പുറത്തിറങ്ങാമെന്നായിരുന്നു ശ്യാംജിത്ത് അന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ ജീവപര്യന്തത്തിനപ്പുറം കടുത്ത വിധിയാണ് കോടതി വിധിച്ചത്. ജീവപര്യന്ത തടവിന് പുറമെ 2 ലക്ഷം രൂപ പിഴയും,

## Article Content

***പാനൂർ: *** പാനൂരിലെ വിഷ്ണുപ്രിയ വധക്കേസിൽ പ്രതി ശ്യാംജിത്തിൻ്റെ കണക്കുകൂട്ടൽ തെറ്റി. 39 ആം വയസിൽ പുറത്തിറങ്ങാമെന്നായിരുന്നു ശ്യാംജിത്ത് അന്ന് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. എന്നാൽ ജീവപര്യന്തത്തിനപ്പുറം കടുത്ത വിധിയാണ് കോടതി വിധിച്ചത്. ജീവപര്യന്ത തടവിന് പുറമെ 2 ലക്ഷം രൂപ പിഴയും,

വീട്ടിൽ അതിക്രമിച്ച് കടന്നതിന് 10 വർഷം തടവും, 25,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2022 ഒക്ടോബർ 22നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. പ്രണയാഭ്യർഥന നിരസിച്ച വൈരാഗ്യത്തിൽ പാനൂർ വള്ള്യായിയിലെ കണ്ണച്ചൻകണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിനകത്ത് അതിക്രമിച്ചു കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി കൂത്തുപറമ്പിനടുത്ത മാനന്തേരിയിലെ താഴെ കളത്തിൽ വീട്ടിൽ ശ്യാംജിത്തിനെ (27)യാണ് കോടതി ശിക്ഷിച്ചത്.

ഐ.പി.സി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവും, രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് അനുഭവിക്കണം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് ഐപിസി 449 വകുപ്പ് പ്രകാരം പത്തുവർഷം തടവും, 25000 രൂപ പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഒരു മാസം തടവ് അനുഭവിക്കണം.

ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. തലശ്ശേരി അഡീഷനൽ ജില്ല കോടതി (ഒന്ന്) ജഡ്‌ജി എ.വി. മൃദുലയാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2022 ഒക്ടോബർ 22ന് രാവിലെ 11.45 നാണ് വിഷ്ണുപ്രിയ വീട്ടിനകത്ത് ദാരുണമായി കൊല്ലപ്പെട്ടത്. പൊന്നാനി സ്വദേശിയായ സുഹൃത്തുമായി ഫോണിൽ സംസാരിക്കുന്നതിനിടയിൽ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ തലക്കടിച്ചു വീഴ്ത്തിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് കേസ്.

2023 സെപ്റ്റംബർ 21 നാണ് കേസിൻറെ വിചാരണ തുടങ്ങിയത്. സംഭവം നടന്ന് ഒരുവർഷം പൂർത്തിയാകുന്നതിന് മുമ്പ് വിചാരണ തുടങ്ങി. പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായതിനാലാണ് വിചാരണ വേഗത്തിലായത്. കേസിൽ 73 സാക്ഷികളാണുള്ളത്. പാനൂരിൽ സ്വകാര്യ ആശുപത്രിയിൽ ഫാർമസിസ്റ്റായി ജോലിചെയ്തുവരികയായിരുന്നു വിഷ്ണുപ്രിയ.

ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവും ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. സംഭവത്തിന്റെ രണ്ടുദിവസം മുമ്പ് പ്രതി കൂത്തുപറമ്പിലെ കടയിൽനിന്ന് ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രതിഭാഗത്തിന് വേണ്ടി അഡ്വ.എസ്. പ്രവീൺ, അഡ്വ.അഭിലാഷ് മാത്തൂർ എന്നിവരാണ് ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/205066/shyamjits-miscalculation-in-the-vishnu-priya-murder-casethe-court-awarded-heavy-punishment)