---
title: "വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന് ; പരമാവധി ശിക്ഷ  നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം"
english_title: "Verdict in Vishnu Priya murder case today;Prosecution to give maximum sentence, defense to consider age"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/204945/verdict-in-vishnu-priya-murder-case-todayprosecution-to-give-maximum-sentence-defense-to-consider-age"
published_at: "2024-05-13T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66418d034c395_download_(2).jpg"
keywords: []
---

# വിഷ്ണുപ്രിയ വധക്കേസിൽ വിധി ഇന്ന് ; പരമാവധി ശിക്ഷ  നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിക്കണമെന്ന് പ്രതിഭാഗം

> **Lead Summary:** **പാനൂർ : ** വിഷ്ണു‌പ്രിയ വധക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകി പ്രണയ കൊലപാതകികൾക്ക് കോടതി താക്കീത് നൽകണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ. കേസിൽ പ്രതിയായ ശ്യാംജിത്ത് കൊലക്കുറ്റം ചെയ്ത‌തായി കോടതി പ്രഖ്യാപിച്ചശേഷം ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് വധശിക്ഷ നൽകുന്നത് സൂചിപ്പിച്ചുള്ള പരാമർശം.

## Article Content

**പാനൂർ : ** വിഷ്ണു‌പ്രിയ വധക്കേസിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകി പ്രണയ കൊലപാതകികൾക്ക് കോടതി താക്കീത് നൽകണമെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.അജിത്ത് കുമാർ. കേസിൽ പ്രതിയായ ശ്യാംജിത്ത് കൊലക്കുറ്റം ചെയ്ത‌തായി കോടതി പ്രഖ്യാപിച്ചശേഷം ശിക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് വധശിക്ഷ നൽകുന്നത് സൂചിപ്പിച്ചുള്ള പരാമർശം.

കേസിൽ പിടിയിലായതു മുതൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതു വരേ പ്രതിക്ക് യാതൊരു കുറ്റബോധവുമുണ്ടായിട്ടില്ല. മൃഗീയ മാനസികാവസ്ഥയിലുള്ളവർക്കേ ഇത്തരത്തിൽ കൊലപ്പെടുത്താൻ കഴിയുകയുള്ളു. ജീവപര്യന്തം മാത്രമേ ലഭിക്കുകയുള്ളുവെന്ന് പ്രതി പൊലിസിനോട് പറഞ്ഞിരുന്നു.

ശിക്ഷയിൽ ഇളവ് നൽകിയാൽ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുകയെന്നും അജിത്ത് കുമാർ പറഞ്ഞു. കൊലപ്പെടുത്താനുള്ള ശാസ്ത്രീയ തെളിവുകൾ കോടതിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. പ്രതിയുടെ വയസ് മാനദണ്ഡമാക്കേണ്ടതില്ലെന്ന് മേൽക്കോടതി ഉത്തരവുണ്ട്. പെൺകുട്ടികളുടെ സുരക്ഷയുടെ ഭാഗമായുള്ള കേസാണിത്.

ആയതിനാൽ പ്രതിക്ക് വധശിക്ഷ ലഭിക്കുമെന്ന പ്രതിക്ഷയിലാണ് ബന്ധുക്കളും നാട്ടുകാരുമുള്ളതെന്ന് അജിത്ത് കുമാർ പറഞ്ഞു.. വിധി പ്രസ്‌താവം കേൾക്കാൻ കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ മാതാവും, സഹോദരിയും, ബന്ധുവും ഉൾപെടെ കോടതിയിലെത്തിയിരുന്നു. ശിക്ഷയെ പറ്റി എന്തെങ്കിലും ബോധിപ്പിക്കാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് കുറ്റം ചെയ്‌തില്ലെന്നും നിരപരാധിയാണെന്നുമായിരുന്നു ശ്യാംജിത്തിൻ്റെ മറുപടി.

പറയാൻ കൂടുതൽ സമയം വേണോ എന്ന് ന്യായാധിപ തിരക്കിയപ്പോൾ പ്രത്യേക ഭാവഭേദമൊന്നും പ്രതിക്കുണ്ടായില്ല. എന്നാൽ പ്രായത്തിന്റെ പരിഗണനയിൽ ശിക്ഷ കുറക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ശ്യാംജിത്തിൻ്റെ സുഹൃത്തുക്കളിൽ പലരും വിധി കേൾക്കാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/204945/verdict-in-vishnu-priya-murder-case-todayprosecution-to-give-maximum-sentence-defense-to-consider-age)