---
title: "'ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട' ; ക്ഷേത്രോത്സവത്തിനെത്തിയ ഷാഫി പറമ്പിലിനെതിരെ  ഡിവൈഎഫ്ഐക്കാരുടെ പ്രതിഷേധം,ചിരി തൂകി കൈ വീശി ഷാഫിയും"
english_title: " DYFI members protest against Shafi Parampil who came to the temple festival, Shafi also waved his hands with laughter"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/195839/dyfi-members-protest-against-shafi-parampil-who-came-to-the-temple-festival-shafi-also-waved-his-hands-with-laughter"
published_at: "2024-03-31T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66092d46a4d0b_download.jpg"
keywords: []
---

# 'ചെമ്പടയിത് ചെമ്പട, ശൈലജ ടീച്ചറുടെ ചെമ്പട' ; ക്ഷേത്രോത്സവത്തിനെത്തിയ ഷാഫി പറമ്പിലിനെതിരെ  ഡിവൈഎഫ്ഐക്കാരുടെ പ്രതിഷേധം,ചിരി തൂകി കൈ വീശി ഷാഫിയും

> **Lead Summary:** ****വോട്ടഭ്യര്‍ഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ ഒരു കൂട്ടം ഇടത് പ്രവര്‍ത്തകരുടെ മുദ്രവാക്യം വിളി. ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്പില്‍.

## Article Content

****വോട്ടഭ്യര്‍ഥിക്കാനെത്തിയ വടകരയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെതിരേ ഒരു കൂട്ടം ഇടത് പ്രവര്‍ത്തകരുടെ മുദ്രവാക്യം വിളി. ശനിയാഴ്ച മരുതോങ്കരയിലാണ് സംഭവം. രാത്രി പത്ത് മണിയോടെ മരുതോങ്കര പഞ്ചായത്തിലെ തൃക്കൈപ്പറമ്പ് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് സ്ഥലത്തെത്തിയതായിരുന്നു ഷാഫി പറമ്പില്‍.

തുടര്‍ന്നാണ് നീല ഷര്‍ട്ടും കറുപ്പ് മുണ്ടുമുടുത്ത് ഒരു കൂട്ടം യുവാക്കള്‍ സംഘടിച്ച് നിന്ന് മുദ്രാവാക്യം വിളിച്ചത്. 'ചെമ്പടയിത് ചെമ്പട മരുതോങ്കരയിലെ ചെമ്പട, ചെമ്പടയിത് ചെമ്പട ശൈലജ ടീച്ചറുടെ ചെമ്പട, ചെമ്പടയിത് ചെമ്പട ഇ.എം.എസ്സിന്റെ ചെമ്പട...' ഇങ്ങനെ പോവുന്നു മുദ്രാവാക്യം.

മുദ്രാവാക്യം വിളിക്കുന്ന പ്രവർത്തകർക്കിടയിലൂടെ ചിരി തൂകി കൈ വീശിയാണ് ഷാഫി നടന്നു പോകുന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ക്ഷേത്രത്തിലെത്തിയ ഭക്തർക്കൊപ്പം ഏറെ നേരം ചെലവഴിച്ചാണ് ഷാഫി മടങ്ങിയത്. വോട്ടഭ്യര്‍ഥിക്കുന്ന സ്ഥാനാര്‍ഥിക്കെതിരേ മനപൂര്‍വം പ്രശ്‌നമുണ്ടാക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്.

കഴിഞ്ഞ ദിവസം നാദാപുരം മേഖലയിൽ പര്യടനത്തിനെത്തിയ എൻ ഡി എ സ്ഥാനാർത്ഥി പ്രഫുൽ കൃഷ്ണൻ്റെ വാഹനത്തിന് നേരെ അക്രമമുണ്ടായിരുന്നു. സി പി എം പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് പ്രഫുൽ ആരോപിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/195839/dyfi-members-protest-against-shafi-parampil-who-came-to-the-temple-festival-shafi-also-waved-his-hands-with-laughter)