---
title: "മാഹിയിൽ പാതയോരത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റി ; സ്വകാര്യ വ്യക്തിക്ക് വേണ്ടിയെന്നാക്ഷേപം, പ്രതിഷേധം"
english_title: "In Mahi, roadside shade trees were cut;Allegation, protest for private person"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/193199/in-mahi-roadside-shade-trees-were-cutallegation-protest-for-private-person"
published_at: "2024-03-20T20:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65faf4ec57f79_Untitled-4_copy.jpg"
keywords: []
---

# മാഹിയിൽ പാതയോരത്തെ തണൽ മരങ്ങൾ മുറിച്ചു മാറ്റി ; സ്വകാര്യ വ്യക്തിക്ക് വേണ്ടിയെന്നാക്ഷേപം, പ്രതിഷേധം

> **Lead Summary:** ***മാഹി: ***മാഹി ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രം റോഡിന് സമീപത്തെ സർക്കാർ പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തിയ എട്ട് തണൽ മരങ്ങൾ രാത്രിയുടെ മറവിൽ മുറിച്ചു നീക്കി. വൃക്ഷത്തൈകൾ നട്ടത് മുതൽ തൊട്ടടുത്ത വീട്ടിലെ സാമൂഹിക പ്രവർത്തകനായ കല്ലാട്ട് പ്രേമൻ തൈകൾ വെള്ളമൊഴിച്ചു പരിപാലിച്ചു വരികയായിരുന്നു.

## Article Content

***മാഹി: ***മാഹി ചൂടിക്കോട്ട ശ്രീകൃഷ്ണ ക്ഷേത്രം റോഡിന് സമീപത്തെ സർക്കാർ പദ്ധതിയുടെ ഭാഗമായി നട്ടുവളർത്തിയ എട്ട് തണൽ മരങ്ങൾ രാത്രിയുടെ മറവിൽ മുറിച്ചു നീക്കി. വൃക്ഷത്തൈകൾ നട്ടത് മുതൽ തൊട്ടടുത്ത വീട്ടിലെ സാമൂഹിക പ്രവർത്തകനായ കല്ലാട്ട് പ്രേമൻ തൈകൾ വെള്ളമൊഴിച്ചു പരിപാലിച്ചു വരികയായിരുന്നു.

മരം മുറിക്കുന്നത് പ്രേമൻ ഉൾപ്പെടെ ആരും അറിഞ്ഞില്ല. നാല് ദിവസം മുമ്പാണ് സംഭവം നടന്നത്. സർക്കാർ സ്ഥലത്തെ മരങ്ങൾ നിയമം ലംഘിച്ച് മുറിച്ചു മാറ്റിയത് സമീപത്തെ മറ്റൊരു താമസക്കാരൻ്റെ വ്യാപാര താല്പര്യത്തിനാണെന്ന് പരാതിക്കാർ ആരോപിച്ചു. പരാതികൾ ഉയർന്നതിനെ തുടർന്ന് സമീപത്തെ വീട്ടിൽ കൂട്ടിയിട്ട മരത്തടികൾ അവിടെ നിന്നും സ്വകാര്യമായി നീക്കം ചെയ്തു.

സർക്കാർ സ്ഥലത്തെ തണൽ മരം പണത്തിൻ്റെയും സ്വാധീനത്തിൻ്റെയും ബലത്തിൽ മുറിച്ചുനീക്കിയത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും മരങ്ങൾ നീക്കിയവർക്കെതിരെ ശക്തമായ നിയമ നടപടികൾ സ്വീകരിക്കണമെന്നുമാവശ്യപ്പെട്ട് ടീം ചൂടിക്കോട്ട വാട്സ് ആപ്പ് ഗ്രൂപ്പ് ഭാരവാഹി പി.പി.റിയാസ് അധികൃതർക്ക് പരാതി നൽകി.

പ്രകൃതിസംരക്ഷണ സമിതി പ്രസിഡന്റും മാഹി നഗരസഭ മുൻ കൗൺസിലറുമായ പള്ളിയൻ പ്രമോദ് മാഹി അഡ്മിനിസ്ടേറ്റർക്ക് പരാതി നൽകി. മരം മുറിച്ചു നീക്കിയവരെക്കൊണ്ട് തന്നെ തണൽ മരങ്ങൾ വെച്ചുപിടിപ്പിക്കാനും സംരക്ഷിക്കാനും നടപടി ഉണ്ടാവണമെന്നും അനധികൃത പ്രവൃത്തിക്കെതിരെ ശക്തമായ നടപടികൾ നടപടികൾ ഉണ്ടാവണമെന്നും ആവശ്യപ്പെട്ടു. അനധികൃത മരം മുറിക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് മയ്യഴിപ്പുഴ സംരക്ഷണ സമിതി ഭാരവാഹികളായ വിജയൻ കയനാടത്ത്, സി.കെ.രാജലക്ഷ്മി, കെ.ഇ.സുലോചന എന്നിവർ സംഭവസ്ഥലം സന്ദർശിച്ച ശേഷം അധികൃതരോടാവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/193199/in-mahi-roadside-shade-trees-were-cutallegation-protest-for-private-person)